fraud

കോട്ടയം: ഏറ്റുമാനൂരിൽ ഹോട്ടൽ ഉടമയെ ഭക്ഷണം ഓർഡർ ചെയ്‌ത് പറ്റിക്കുകയും 20,000 രൂപ തട്ടിയെടുക്കുകയും ചെയ്‌ത സംഘത്തിന്റെ കൂടുതൽ കബളിപ്പിക്കൽ പുറത്ത്. ജില്ലയിലെ ഏഴു ഹോട്ടലുകാരെയാണ് ഇവർ ഫോണിൽ വിളിച്ച് സമാന രീതിയിൽ ഭക്ഷണം ഓർഡർ ചെയ്‌തത്. സംഭവം തട്ടിപ്പാണെന്ന് മനസിലാക്കാനുള്ള വിവേകം ഇവർ കാണിച്ചതിനാൽ വലയിൽ വീണില്ല.

കോട്ടയം നഗരത്തിലെ ഒരു ഹോട്ടലിൽ വിളിച്ച തട്ടിപ്പുകാരൻ മിലിട്ടറി ക്യാമ്പിലേയ്‌ക്ക് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഹിന്ദിയിലായിരുന്നു സംസാരം. വിശ്വസിപ്പിക്കുന്നതിനായി ഹോട്ടൽ ഉടമയുടെ വാട്ട്സ് ആപ്പ് നമ്പരിലേയ്‌ക്ക് തിരിച്ചറിയൽ രേഖകൾ അയച്ചു കൊടുത്തു. പട്ടാള ക്യാന്റീനിലെ വിക്രം വാക്‌മെയർ എന്ന പേരിലുള്ള കാർഡായിരുന്നു അത്. ഈ വാട്ട്സ് ആപ്പ് നമ്പരിന്റെ പ്രൊഫൈൽ ഫോട്ടോയിൽ മൂന്നു പട്ടാളക്കാരുടെ ചിത്രമാണ് ഉണ്ടായിരുന്നത്. മറ്റ് സ്ഥലങ്ങളിൽ സമാന രീതിയിൽ തട്ടിപ്പ് നടന്നിട്ടുള്ളതിനാൽ ഈ ഹോട്ടൽ അധികൃതർ അതിനോട് പ്രതികരിച്ചില്ല. ഇതിനാലാണ് ഇവർ തട്ടിപ്പിന് ഇരയാകാതെ രക്ഷപ്പെട്ടത്.

ജാഗ്രതാ നിർദേശം

ഇത്തരം സംഭവങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ഹോട്ടൽ ആൻ‌ഡ് റസ്റ്റൊറന്റ് അസോസിയേഷൻ ജാഗ്രതാ നിർദേശം നൽകി. തട്ടിപ്പുകാരുടെ ഫോൺ നമ്പരും, ചിത്രവും സഹിതം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും സന്ദേശം പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം കോളുകൾ എത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ് കുട്ടി, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ് എന്നിവർ ആവശ്യപ്പെട്ടു.