വൈക്കം: ദളവാക്കുളം ബസ് ടെർമിനലിലെ കാത്തിരുപ്പ് കേന്ദ്രം ഇപ്പോഴും ആംഗ്ലയറുകളിൽ ഒതുങ്ങുന്നു. നിർമ്മാണമേറ്റെടുത്ത സിൽക്കിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് നഗരസഭ.
നഗരസഭയുടെ ദളവാക്കുളം ബസ് ടെർമിനലിൽ കയറിയാണ് വൈക്കത്തെത്തുന്ന എല്ലാ സ്വകാര്യ ബസുകളും നഗരത്തിലൂടെ കടന്നുപോവുക. കെ.എസ്.ആർ.ടി.സി ബസുകളും ബസ് ടെർമിനലിന് മുന്നിൽ ആളെ ഇറക്കി, കയറ്റിയാണ് പോവുക. യാത്രക്കാർക്ക് ഇവിടെ വെയിലും മഴയുമേൽക്കാതെ ബസ് കാത്തുനിൽക്കാൻ സംവിധാനം ഇല്ലാതിരുന്ന സാഹചര്യത്തിലാണ് നഗരസഭ കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കാൻ പദ്ധതിയിട്ടത്. 20 ലക്ഷം രൂപയുടേതാണ് പദ്ധതി. ബസ് ടെർമിനലിലേക്കും റോഡിലേക്കും അഭിമുഖമായാണ് കാത്തിരുപ്പ് കേന്ദ്രം. സർക്കാർ ഏജൻസിയായ സിൽക്കിന് നിർമ്മാണ ചുമതലയും കൈമാറി. പക്ഷേ മാസങ്ങൾ പിന്നിട്ടിട്ടും ആംഗ്ലയറുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊരു നിർമ്മാണ പ്രവർത്തനവും നടന്നിട്ടില്ല. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ സിൽക്കിന് നോട്ടീസ് അയക്കാൻ ഒരുങ്ങുകയാണ് നഗരസഭ. ടെർമിനൽ പണിയുന്നതിനായി അവിടെ നിന്നിരുന്ന മരങ്ങൾ മുറിച്ചു നീക്കിയതിനാൽ യാത്രക്കാർക്ക് ഉണ്ടായിരുന്ന തണലും നഷ്ടമായി.
പറഞ്ഞിരുന്നതൊന്നും പടിഞ്ഞാറെ നടയിലുമില്ല
സി.കെ. ആശ എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽനിന്നനുവദിച്ച 35ലക്ഷം രൂപ ഉപയോഗിച്ചാണ് പടിഞ്ഞാറെ നടയിൽ പൊലീസ് സ്റ്റേഷന് മുന്നിൽ ബസ് ബേ നിർമ്മിച്ചത്. ഒരു ബസ് കാത്തിരുപ്പ് കേന്ദ്രത്തിന് ഇത്രയും തുക മുടക്കണോ എന്ന ചോദ്യം അന്ന് ചില കോണുകളിൽ നിന്നെങ്കിലും ഉയർന്നിരുന്നു. പക്ഷേ നഗരത്തിന്റെ മുഖഛായ മാറ്റുന്ന ഹൈടെക് ബസ് ബേയാണ് അധികൃതർ വിഭാവനം ചെയ്തിരുന്നത്. അതനുസരിച്ച് ഫാൻ, ടി.വി, വൈഫൈ, കുടിവെള്ളം തുടങ്ങിയ സംവിധാനങ്ങളെല്ലാം ബസ് ബേയിലുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. സിൽക്കിനായിരുന്നു ഇതിന്റേയും നിർമ്മാണചുമതല. 2018 അവസാനം ബസ് ബേ ഉദ്ഘാടനവും ചെയ്തു. പക്ഷേ ടി.വി.യും വൈഫൈയും കുടിവെള്ളവുമൊന്നും ഇവിടെയില്ല. ചിലരെങ്കിലും ബസ് കാത്തിരുപ്പ് കേന്ദ്രം നിർമ്മിക്കാൻ അധികമല്ലേ എന്ന് ചോദിച്ച തുക സിൽക്കിന് തികഞ്ഞില്ലെന്നാണ് പറയപ്പെടുന്നത്.
എം.എൽ.എയുടെ പേരും സർക്കാരിന്റെ നേട്ടങ്ങളും ചരിത്ര പുരുഷന്മാരുടെ ചിത്രങ്ങളുമൊക്കെ ബസ് ബേയുടെ അകത്തും പുറത്തുമൊക്കെ രേഖപ്പെടുത്തിയിട്ടും വൈദ്യുതി ചാർജ്ജും അറ്റകുറ്റപ്പണികളും നടത്തി ബസ് ബേ പരിപാലിക്കേണ്ട നഗരസഭയെക്കുറിച്ച് ഒരു വാക്ക് പോലും ഒരിടത്തുമില്ലെന്ന് നഗരസഭക്ക് പരാതിയുണ്ട്.