പാലാ : യാത്രക്കാർ നോക്കിനിൽക്കെ മദ്യലഹരിയിൽ പ്ലസ്ടു വിദ്യാർത്ഥികൾ വീട്ടമ്മയെ അപമാനിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ പാലാ ടൗൺ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സ്റ്റാൻഡിലെ ടൈം കീപ്പിംഗ് ജീവനക്കാരുൾപ്പെടെ കണ്ടുനിന്ന യാത്രക്കാരിൽ ഒരാൾ പോലും പ്രതികരിച്ചില്ല. തിയേറ്ററിനു സമീപമുള്ള ഇടവഴിയിലൂടെ സ്റ്റാൻഡിലേക്ക് വരികയായിരുന്നു വീട്ടമ്മയെ മദ്യലഹരിയിൽ വഴിയരികിൽ തമ്പടിച്ചിരുന്ന 4 വിദ്യാർത്ഥികൾ ചേർന്നാണ് കടന്നുപിടിച്ചത്. അപ്രതീക്ഷിത സംഭവത്തിൽ അല്പനേരം പകച്ചു നിന്ന വീട്ടമ്മ വേഗം സ്റ്റാൻഡിലേക്ക് നടന്ന് കൊടുങ്ങൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോയി. വീട്ടമ്മ പോയ ശേഷം യാത്രക്കാരിലൊരാൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും വിദ്യാർത്ഥികളെ പിടികൂടാൻ ആയില്ല. സംഭവം നടന്ന സ്ഥലത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന.