വൈക്കം : അന്ധകാരത്തോട്ടിലെ നീരൊഴുക്ക് പുന:സ്ഥാപിക്കണമെന്ന് സി.പി.ഐ മണ്ഡലം കമ്മറ്റി. നഗരത്തിന്റെ ഹൃദയഭാഗത്തു കൂടി ഒഴുകിയിരുന്ന അന്ധകാരത്തോട് സ്വകാര്യവ്യക്തികൾ കൈയ്യേറിയതുമൂലം നീരൊഴുക്ക് തടസ്സപ്പെട്ട് മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ഒഴുകിയിരുന്ന തോട് കൈയ്യേറിയ വ്യക്തികളെ ഒഴിപ്പിച്ച് നീരൊഴുക്ക് പുന:സ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും അധികാരികൾ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ജനഹിതത്തിനെതിരുമാണ്. അന്ധകാരത്തോടിന്റെ കൈയ്യേറ്റം ഒഴിപ്പിച്ച് തോടിന്റെ നീരൊഴുക്ക് പുന:സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹുജനപ്രക്ഷോഭം ആരംഭിക്കുന്നതിന് മണ്ഡലം കമ്മറ്റി തീരുമാനിച്ചതായി സെക്രട്ടറി എം.ഡി.ബാബുരാജ് അറിയിച്ചു.