കോട്ടയം: നടക്കാൻ ഇടമില്ലാത്ത നഗരമായി കോട്ടയം മാറിയെന്നാണ് കാൽനടയാത്രക്കാരുടെ പരാതി. നടപ്പാതകളെല്ലാം തെരുവോര കടകൾ കയ്യടക്കിയതോടെ നടക്കാൻ പാടുപെടുകയാണ് കാൽനടക്കാർ. എങ്ങനെയും ഇതിനിടയിലൂടെ വഴി കണ്ടെത്തി നടക്കാമെന്ന് വച്ചാലും മഴക്കാലത്ത് കുടചൂടാൻ പോലുമാവില്ലെന്നും കാൽനടക്കാർ പരിഭവിക്കുന്നു. തെരുവോര വാണിഭശാലകളുടെ നീട്ടിയും കുറുക്കിയും കെട്ടിയിരിക്കുന്ന താത്കാലിക മേൽക്കൂരകളിലും തലപ്പൊക്കത്തിൽ താഴ്ന്നുകിടക്കുന്ന ടെലിഫോൺ, കേബിൾടിവി വയറുകളിലും കുട കുരുങ്ങുമത്രേ. നടപ്പാത വിട്ട് റോഡിൽ ഇറങ്ങാമെന്ന വച്ചാൽ തലങ്ങും വിലങ്ങും പാർക്കുചെയ്യുന്ന വാഹനങ്ങൾക്കും ഉന്തുവണ്ടികൾക്കുമിടയിലൂടെ ചാഞ്ഞും ചരിഞ്ഞും നടക്കണമെന്നതാണ് മറ്റൊരു ഗതികേട്. വൈകുന്നേരങ്ങളിൽ തെരുവോര കച്ചവട സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ തിരക്കുകൂടിയാകുമ്പോൾ കാൽനടയാത്ര കഠിനമാകും. അനധികൃത കച്ചവട സ്ഥാപനങ്ങളും ക്രമവിരുദ്ധമായ പാർക്കിംഗും നിയന്ത്രിക്കാനാവാത്തതാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. ആരെയും പിണക്കാതെ കാലം കഴിക്കണമെന്ന ചിന്തയിൽ കാൽനട യാത്രക്കാരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാണ് നഗസഭ സഭാധികൃതർക്ക് താത്പര്യമെന്നാണ് ആക്ഷേപം.
സബ്‌കമ്മിറ്റിയുടെ ശുപാർശകളും മുഖവിലയ്ക്കെടുക്കുന്നില്ല
തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനും ദേശിയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി രൂപീകരിച്ച സബ് കമ്മിറ്റിയുടെ ശുപാർശകളും നഗരസഭ മുഖവിലയ്ക്കെടുക്കുന്നില്ല. 2018 നവംബർ 29 ന് രൂപീകരിച്ച സബ് കമ്മിറ്റി നിരവധി തവണ യോഗം ചേരുകയും ആവശ്യമായ ശുപാർശകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ കൗൺസിലർ ടി.സി. റോയി (ചെയർമാൻ), ഹെൽത്ത് സൂപ്പർവൈസർ പി. വിദ്യാധരൻ (കൺവീനർ), ഡെപ്യൂട്ടി ടൗൺ പ്ലാനർ ജി. സുമോൾ, ട്രാഫിക് പൊലീസ് സബ് ഇൻസ്പെക്ടർ, തെരുവ് കച്ചവടക്കാരുടെ പ്രതിനിധികളായ എൽ സെൽവൻ, എം.എച്ച്. സലീം, ടി.എച്ച്. ഹാഷീം, കെ.എ. മുഹമ്മദ് ബഷീർ ( അംഗങ്ങൾ) എന്നിവർ അടങ്ങുന്ന സമിതിയാണ് ശുപാർശ സമർപ്പിച്ചത്.