വടയാർ : ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനങ്ങളെ പഠന നിരീക്ഷണങ്ങളിലൂടെ പ്രായോഗികവത്ക്കരിച്ച് സമൂഹത്തിന് പ്രയോജനപ്പെടുന്ന നൂതന കണ്ടുപിടിത്തങ്ങൾ നടത്താൻ പര്യാപ്തമാക്കുന്നതിനുവേണ്ടി പരീക്ഷണ ശാലകളായ അടൽ ടിങ്കറിംഗ് ലാബ് ആരംഭിച്ച് വാർഷികം ആകുന്നതിനുമുൻപുതന്നെ ദേശീയ തലത്തിൽ പുരസ്ക്കാരം നേടി വടയാൻ ഇൻഫന്റ് ജീസസ്സ് ഹൈസ്കൂൾ.
2018-19 അദ്ധ്യയന വർഷത്തിൽ ദേശീയതലത്തിൽ നടത്തിയ എ.ടി.എൽ മാരത്താൺ മത്സരത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ 3000 പ്രോജക്ടുകൾ 1700 സ്കൂളുകളിൽ നിന്നായി സമർപ്പിക്കപ്പെട്ടിരുന്നു. കേന്ദ്ര ഗവൺമെന്റിന്റെ നീതി ആയോഗിലെ 26 ജൂറികൾ ചേർന്ന് ആദ്യ ഘട്ടത്തിൽ 200 പ്രോജക്ടുകൾ തെരഞ്ഞെടുത്തു. അതിൽ നിന്നുള്ള 100 പ്രോജക്ടുകൾ ദേശീയതലത്തിൽ പുരസ്കാരത്തിന് അർഹത നേടി.
വടയാർ ഇൻഫന്റ് ജീസസ്സിലെ കുട്ടികൾ വെയ്സ്റ്റ് മാനേജ്മെന്റ് വിഭാഗത്തിൽ സമർപ്പിച്ച 'ഇഡോനെല്ല' എന്ന പ്രോജക്ടും ഇതിലുൾപ്പെടുന്നു. കേരളത്തിൽ നിന്നും ഈ വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഏക പ്രോജക്ടാണ് ഇഡോനെല്ല. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് എ.ടി.എൽ ലാബുകളിലെ ത്രീഡി പ്രിന്ററിൽ ഉപയോഗിക്കാവുന്ന ഫിലമെന്റ് നിർമ്മിക്കുന്ന ഇഡോനെല്ല എന്ന എക്സ്ട്രൂഡർ നിർമ്മിച്ചാണ് ഇൻഫന്റ് ജീസസ്സ് ശ്രദ്ധ നേടിയത്. ആക്രി കടകളിൽ നിന്നും ശേഖരിച്ച പാഴ് വസ്തുക്കൾ ഉപയോഗിച്ചാണ് കുട്ടികൾ എക്ട്രൂഡർ യന്ത്രം നിർമ്മിച്ചത്. ഒപ്പം അതി നൂതന സാങ്കേതിക വിദ്യയായ ജി.എസ്.എം ഉപയോഗിച്ച് സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. എടിഎൽ ഇൻചാർജ്ജ് ബീനാ തോമസിന്റെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ ഹേമ.എം, നന്ദന ബിജു, ഇന്ദ്രജിത്ത്.എസ് എന്നിവരാണ് 'ഇഡോനെല്ല' തയ്യാറാക്കിയത്. എൻജിനീയർ ഫാക്കൽറ്റി ജിത ഗോപിനാഥും, അർജ്ജുൻ ബിജു, റോണി ആന്റോ ജോസഫ് എന്നീ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി.