കോട്ടയം: കടബാദ്ധ്യത മൂലം ജില്ലയിൽ ഒരു ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തത് കഴിഞ്ഞ മാസമാണ്. ഇങ്ങനെ പോയാൽ തങ്ങൾക്കും ആത്മഹത്യയല്ലാതെ മറ്റുവഴിയില്ലെന്നാണ് ക്ഷീരകർഷകർ പറയുന്നത്. ഒരു വർഷത്തിനിടെ കാലിത്തീറ്റയ്ക്ക് 300 രൂപവരെ വർദ്ധിച്ചു. പിടിച്ചു നിൽക്കാനാവാതെ ഈ മേഖല ഉപേക്ഷിക്കുകയാണ് പലരും.

കഴിഞ്ഞ ജൂണിൽ അൻപത് കിലോയുള്ള മുൻനിര കാലിത്തീറ്റയ്‌ക്ക് വില ആയിരം രൂപയായിരുന്നു. ഇപ്പോൾ കെ.എസ്, കേരള ഫീഡ്‌സ് കാലിത്തീറ്റകൾക്ക് വില 1300 രൂപയാണ്. രണ്ടാം ഗ്രേഡ് കാലിത്തീറ്റകൾക്ക് 900 രൂപയായിരുന്നത് 1200 ആയി .

കാലിത്തീറ്റയ്‌ക്കും പുല്ലിനും വില വർദ്ധിച്ചതോടെ കർഷകരിൽ പലരും ഫാമുകൾ നിർത്തി. ജില്ലയിൽ മാത്രം ആറു ഫാമുകളാണ് ഇല്ലാതായത്.

അയർക്കുന്നത്തെ പ്രാദേശിക ക്ഷീര സംഘത്തിന്റെ നേതൃത്വത്തിൽ പാൽ വില അൻപത് ആക്കി ഉയർത്തിയിരുന്നു. 30 രൂപ കർഷകർക്ക് നൽകുമ്പോൾ, ബാക്കി തുക ക്ഷീര സംഘം ബാങ്കിൽ നിക്ഷേപിക്കുകയും ഇതിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് കർഷക ക്ഷേമ പ്രവർത്തനങ്ങൾ നടത്തുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ക്ഷീര വികസന വകുപ്പ് വില ഉയർത്തിയ സംഘത്തിനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയതോടെ വില വർദ്ധനവ് നടപ്പിലായില്ല.

ചെലവ് 400,വരവ് 540, ആദായം 140 രൂപ

നഷ്ടക്കണക്ക്

10 ലിറ്റർ പാൽ ലഭിക്കുന്ന പശുവിന് ഒരു ലിറ്ററിന് 400 ഗ്രാം കാലിത്തീറ്റ വീതം നൽകണം. പാലിന് നാലു ലിറ്ററും പശുവിന്റെ ശരീരത്തിന് രണ്ടു ലിറ്ററും വീതം ആറു ലിറ്റർ തീറ്റയാണ് പത്തു ലിറ്റർ പാൽ ലഭിക്കുമ്പോൾ നൽകേണ്ടത്. രാവിലെ പത്തു ലിറ്റർ പാൽ ലഭിക്കുന്ന പശുവിന് വൈകിട്ട് എട്ടു ലിറ്റർ വരെ ലഭിക്കും. 170 രൂപയ്‌ക്കു മുകളിൽ ശരാശരി തീറ്റയ്‌ക്ക് ചെലവാകും. കൂടാതെ പുല്ലിനും മരുന്നിനും പരിപാലിക്കുന്നതിനും കറവക്കാരനും അടക്കം 150 രൂപയും വേണ്ടി വരും. ഇത്തരത്തിൽ ഒരു പശുവിന് ഒരു ദിവസം ശരാശരി 400 രൂപ വരെ ചെലവുണ്ട്. ഒരു ലിറ്റർ പാലിന് ലഭിക്കുന്നത് 30 രൂപ മാത്രവും. അതായത് ദിവസം 540 രൂപ. 140 രൂപയാണ് ഈ കഷ്ടപ്പാടിനുള്ള പ്രതിദിന ആദായം.

പ്രതിസന്ധിയിൽ

 പാലിന് വിലയില്ലാതായതോടെ പൂട്ടിയത് 6 ഫാമുകൾ

 പാൽവില കൂട്ടാൻ ക്ഷീരവകുപ്പ് അനുവദിക്കുന്നില്ല

 മുന്തിയഇനം കാലിത്തീറ്റകൾക്ക് വില1300 രൂപയാകും

 കാലിത്തീറ്റയ്ക്ക് കഴിഞ്ഞദിവസംമാത്രം കൂടിയത് 50 രൂപ

'' 44 രൂപയ്‌ക്ക് ക്ഷീരസംഘം വിൽക്കുന്ന ഒരു ലിറ്റർ പാലിന് 30 രൂപ മാത്രമാണ് തങ്ങൾക്ക് ലഭിക്കുന്നത്. ഇടയ്‌ക്ക് പാലിന് വില വർദ്ധിപ്പിച്ചെങ്കിലും ഇതിന്റെ ഗുണഫലം കൃത്യമായി ലഭിക്കുന്നില്ല'

- ഓമന, കർഷക