ചങ്ങനാശേരി: നഗരത്തിലെ സ്വകാര്യ കോളേജിൽ പഠിയ്ക്കുന്ന വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു. ഇന്നലെ വൈകുന്നേരം 4.30 ഓടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ വിദ്യാർത്ഥിനികൾ കടയിൽ കയറിയപ്പോഴാണ് സംഭവം. ഫ്‌ളാഷ് അടിക്കുന്നതായി തോന്നിയപ്പോഴാണ് ഇയാൾ ചിത്രങ്ങൾ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടത്. കുട്ടികളുടെ എതിർപ്പ് വകവയ്ക്കാതെ ഇയാൾ ചിത്രങ്ങൾ എടുക്കുന്നതു തുടർന്നു. വിദ്യാർത്ഥിനികൾ ബഹളം വച്ചതോടെ നാട്ടുകാർ കൂടി. പന്തിയല്ലെന്നു കണ്ട് യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഫയർസ്റ്റേഷനു മുന്നിൽ വച്ച് പിടികൂടി കൈകാര്യം ചെയ്തു. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫോണിലുണ്ടായിരുന്ന നൂറോളം ചിത്രങ്ങൾ നീക്കം ചെയ്തു.പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനികൾ പരാതി നൽകിയിട്ടുണ്ട്. യുവാവ് തൊടുപുഴ സ്വദേശിയാണ് .