പൊൻകുന്നം:പശുവളർത്തൽ ഇല്ലാതായതിനെ തുടർന്ന് മിക്ക വീടുകളിലേയും തൊഴുത്തുകൾ വിറക് പുരകളായി. ചിലയിടങ്ങളിൽ ആക്രികൾ കൂട്ടിയിട്ടിരിക്കുന്നു. ചിലതെല്ലാം ചിതലരിച്ച് ജീർണ്ണിച്ച് താഴെ വീഴാവുന്ന നിലയിലും . ഇതു കണ്ടറിഞ്ഞ് പശുവളർത്തൽ പ്രോത്സാഹിപ്പിക്കാൻ ഇതാ ഒരു സ്കൂൾ. എല്ലാ കുടുംബങ്ങളിലും ഒരു പശുക്കിടാവ് എന്ന ലക്ഷ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ചിറക്കടവ് വെള്ളാളസമാജം സ്‌കൂൾ.
വീടുകളിൽ അന്യം നിന്നുപോയ കന്നുകാലി പുരകൾ സജീവമാക്കാനും വീട്ടമ്മമാർക്ക് വരുമാനമാർഗം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി വിപുലീകരിച്ചത്. ടി.വി. ചാനലുകളുടെ മുന്നിലിരിക്കുന്ന സമയം പശുക്കിടാവിനെ വളർത്തുന്നതിന് ചെലവഴിച്ചാൽ വരുമാനമാർഗവുമാകുമെന്ന് സ്കൂൾ മാനേജ്മെന്റ് വിലയിരുത്തുന്നു.
സ്‌കൂൾഹാളിൽ ചേർന്ന സമ്മേളനത്തിൽ ചെയർമാൻ ടി.പി. രവീന്ദ്രൻൻപിള്ള രണ്ട് പശുക്കിടാങ്ങളെ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നാലാം ക്ലാസ്സിലെ നിരഞ്ജൻ, രണ്ടാംക്ലാസ്സിലെ തരുൺ എന്നീ വിദ്യാർത്ഥികളും രക്ഷിതാക്കളും പശുക്കിടാങ്ങളെ ഏറ്റുവാങ്ങി. സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കൺവീനർ എം.എൻ. രാജരത്‌നം, സെക്രട്ടറി വി.എസ്. വിനോദ് കുമാർ, പി.ടി.എ. വൈസ് പ്രസിഡന്റ് ജിൻസ് തോമസ്, സ്റ്റാഫ് സെക്രട്ടറി സി.എസ്. പ്രേംകുമാർ, വി.എൻ. ഹരികൃഷ്ണൻ, ബി.ശ്രീരാജ്, സി.എസ്. സുജാത, പി.എൻ. സിജു, എസ്. ബിന്ദുമോൾ, എസ്. ശ്രീകല, എസ്. ഗായത്രി, സന്ധ്യാ ബൈജു, ഷൈമാ രതീഷ് എന്നിവർര്‍ പ്രസംഗിച്ചു.
പദ്ധതിയിലേക്ക് ചിറക്കടവിൽ പ്രവർത്തിക്കുന്ന ഫാമിൽ നിന്നാണ് പശുക്കിടാങ്ങളെ നൽകിയത്. പശു വളർത്താൻ തയ്യാറാകുന്ന എല്ലാ രക്ഷകർത്താക്കൾക്കും പശുക്കിടാവിനെ നൽകും.