കോട്ടയം:നാടിനെ പ്ളാസ്റ്റിക്, ലോഹമാലിന്യങ്ങളിൽ നിന്ന് മോചിപ്പിക്കുന്നവരെയും ഭീമമായി നികുതി ചുമത്തി നിരുൽസാഹപ്പെടുത്തുന്നുവെന്ന് ആക്ഷേപം. മാലിന്യത്തിനും നികുതിയെന്ന വിരോധാഭാസത്തിൽ മനംമടുത്ത് സംസ്ഥാനത്തെ ആക്രിവ്യാപാരികൾ പ്രക്ഷോഭ പാതയിലാണ്. മാലിന്യ സംസ്കരണത്തിന് കോടികൾ ചെലവഴിക്കുന്ന നാട്ടിലെ വഴിയോരത്തും ജലാശയങ്ങളിലും ഉപേക്ഷിക്കപ്പെടുന്നപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പെറുക്കിയെടുത്ത് ഉപജീവനം കഴിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കുന്നത് അനീതിയാണെന്നാണ് വ്യാപാരികളുടെ പക്ഷം.
കുപ്പിവെള്ളത്തിന് 2 ശതമാനമാണ് ജി.എസ്.ടി . എന്നാൽ വെള്ളം കുടിച്ചശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകൾ പുനരുത്പ്പാദനത്തിന് തിരിച്ചുകൊടുക്കുമ്പോൾ 5 ശതമാനം നികുതി കൊടുക്കണം. വീടുപണിക്ക് വാങ്ങുന്ന ഇരുമ്പ് കമ്പിക്ക് നൽകുന്ന 18 ശതമാനം നികുതി തന്നെ അവശിഷ്ടങ്ങളായ ആക്രിക്കും നൽകണം.ഇത് നീതിയല്ല. പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിറുത്തുന്നതിൽ ആക്രിവ്യാപാര മേഖലയ്ക്ക് വലിയ പങ്കുണ്ട്. ഒന്നര ലക്ഷത്തോളം വ്യാപാരികളും ഒരുലക്ഷത്തിലധികം തൊഴിലാളികളുമാണ് ഈ മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്തിയിരിക്കുന്നത്. അശാസ്ത്രിയ നികുതിഭാരത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ (കെ.എസ്.എം.എ) 48 മണിക്കൂർ കടഅടച്ച് പ്രതിഷേധവും നടത്തി. സൂചന സമരം കൊണ്ട് പ്രശ്നപരിഹാരമാകുന്നില്ലെങ്കിൽ ജി.എസ്.ടി. ഓഫീസിലേക്ക് പാഴ് വസ്തുനിറയ്ക്കൽ സമരവും സെക്രട്ടേറിയറ്റിൽ കുത്തിയിരിപ്പ് സമരവും നടത്താനാണ് തീരുമാനം.
ജി.എസ്.ടി നിരക്ക്
കുപ്പിവെള്ളത്തിന് 2 ശതമാനം- പാഴ്കുപ്പിക്ക് 5 ശതമാനം
ഇരുമ്പ് കമ്പിക്ക് 18 ശതമാനം- ആക്രിക്ക് 18 ശതമാനം
പ്രധാന ആവശ്യങ്ങൾ
പാഴ് വസ്തുക്കളെ ജി.എസ്.ടി.യിൽ നിന്ന് ഒഴിവാക്കുക.
പ്ലാസ്റ്റിക് റീസൈക്ലിംഗ് മേഖലയെ പ്രോത്സാഹിപ്പിക്കുക
പുനരുത്പാദിപ്പിക്കാനാവാത്തവയുടെ ഇറക്കുമതി തടയുക
പാഴ്‌വസ്തു വ്യാപാര ലൈസൻസിംഗ് സുതാര്യമാക്കുക.
ആക്രി വ്യാപാരികൾക്ക് സാമ്പത്തിക സഹായംനൽകുക.
ആക്രിതൊഴിലാളികൾക്ക് ക്ഷേമപദ്ധതിൾ ആവിഷ്കരിക്കുക.
പാഴ് വസ്തു മേഖലയിൽ
പ്രവർത്തിക്കുന്നവർ
250000
(ഏകദേശ കണക്ക്)
മാലിന്യങ്ങൾ ശേഖരിക്കുന്നവർക്ക് ലഭിക്കുന്നതിനേക്കാൾ കൂടിയ വരുമാനമാണ് നികുതി ഇനത്തിൽ സർക്കാർ പിടിച്ചുവാങ്ങുന്നത്. ഇതെന്ത് അനീതിയാണ്.
അപ്പുക്കുട്ടൻ,കോടിമത, ആക്രി തൊഴിലാളി