പൊൻകുന്നം : ചിറക്കടവ് പബ്ലിക് ലൈബ്രറിയും ജനമൈത്രി സാംസ്‌കാരിക സമിതിയും സംയുക്തമായി നിരാലംബരെ സഹായിക്കുന്നതിനായി ആരംഭിച്ച 'ഒരു കൈ സഹായം പദ്ധതി" 13 ന് ഡോ. എൻ. ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്താനാപുരം ഗാന്ധിഭവനിലെ 1300 അന്തേവാസികൾക്ക് ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ചാരിറ്റി പ്രവർത്തന രംഗത്ത് സജീവമായ ജനമൈത്രി സമിതിയിൽ 600ഓളം അംഗങ്ങളുണ്ട്. പാമ്പാടിയിൽ ഗവ. താലൂക്ക് ആശുപത്രിയിൽ എല്ലാ മാസത്തെയും രണ്ടാമത്തെ വ്യാഴാഴ്ച ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. അദ്ധ്യയന വർഷാരംഭത്തിൽ എരുമേലിയിലും ഈരാറ്റുപേട്ടയിലുമായി 120 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചിറക്കടവ് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാശ്രീധർ മുഖ്യപ്രഭാഷണം നടത്തും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ജി. കണ്ണൻ, ബി. രവീന്ദ്രൻ നായർ, ദേശീയ അദ്ധ്യാപിക അവാർഡ് ജേതാവ് ടി.എൻ. സരസ്വതിയമ്മ ടീച്ചർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ ജനമൈത്രി സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡന്റ് പി.എസ്. ഹരിലാൽ, ലൈബ്രറി സെക്രട്ടറി വി. രാജേഷ് കുമാർ, സമിതി സംസ്ഥാന സെക്രട്ടറി സിബി പരിയാരം, ജില്ലാ സമിതി ചെയർപേഴ്‌സൺ അജിത ഈരാറ്റുപേട്ട, സംസ്ഥാന വൈസ് പ്രസിഡന്റ് ഏണസ്റ്റ് എരുമേലി എന്നിവർ പങ്കെടുത്തു.