കോട്ടയം: വൈദ്യുതി ചാർജ് വർധനവിനെതിരെ വിവിധ സംഘടനകൾ വിവിധ സ്ഥലങ്ങളിൽ കെ.എസ്.ഇ.ബി ഓഫിസിലേയ്‌ക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയർക്കുന്നത്ത് നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്‌തു. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.എ സലിം ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് റോയ് കപ്പലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് ഫ്രണ്ട് എം നേതൃത്വത്തിൽ നടത്തിയ കെ.എസ്.ഇ.ബി ഓഫിസ് മാർച്ച് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ഉദ്ഘാടനം ചെയ്‌തു. കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ റീജിയണൽ ഓഡിറ്റ് ഓഫീസിനു മുന്നിൽ ചൂട്ട് കത്തിച്ചായിരുന്നു പ്രതിഷേധം.
കെ.എസ്.ഇ.ബി കോട്ടയം സെക്ഷൻസ് ഓഫീസിലേയ്ക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി.ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി എം.വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡന്റ് എൻ.കെ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.
വൈദ്യുതി ചാർജ്ജ് വർധനയിൽ നിന്നും ദുർബല ജനവിഭാഗങ്ങളെ ഒഴിവാക്കണമെന്ന് കേരള സാംബവ ഫെഡറേഷൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ചാർജ് വർധന ദുർബലവിഭാഗങ്ങൾക്ക് ദുരിതമാകും. വർധിപ്പിച്ച നിരക്ക് അടിയന്തരമായി പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും യോഗം അഭ്യർഥിച്ചു സംസ്ഥാന പ്രസിഡന്റ് എൻ.ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി ഈസ്റ്റ് വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി കെ.സി.ഇ.ബി. ഓഫീസിനു മുന്നിൽ നടത്തിയ കൂട്ടധർണ്ണ യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു.