പാലാ: സെന്റ് മേരീസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വീണ്ടും മോഷണശ്രമം. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് മോഷണ ശ്രമമുണ്ടായത്. സ്കൂൾ കവാടത്തിൽ സ്ഥാപിച്ച സി.സി.ടി.വി കാമറ തുണിവച്ച് മറച്ച ശേഷമാണ് മോഷ്ടാക്കൾ സ്കൂൾ അങ്കണത്തിൽ പ്രവേശിച്ചത്. സ്കൂളിന്റെ പിറകിലത്തെ കവാടത്തിലൂടെ പ്രവേശിച്ച മോഷ്ടാക്കൾ ഓഫീസിന്റെ വാതിലിന്റെ പൂട്ട് തകർത്ത് ഉള്ളിൽകയറുകയായിരുന്നു. അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ഒന്നും നഷ്ടപ്പെട്ടതായി അറിവായിട്ടില്ല. പാലാ എസ്.ഐ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓഫീസിൽ നിന്ന് മണംപിടിച്ച പൊലീസ് നായ സ്കൂൾ കവാടം വരെ ഓടി നിന്നു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വിയിൽ ഒരാൾ നടന്നുവരുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ സ്കൂളിൽ നടക്കുന്ന അ‌ഞ്ചാമത്തെ മോഷണമാണിത്. തുടർച്ചയായി മോഷണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ സ്കൂളിൽ പണം സൂക്ഷിക്കാറില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. മോഷണ സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് സ്കൂളിൽ കാമറകൾ സ്ഥാപിച്ചത്.