കോട്ടയം: സെപ്തംബറിൽ പാലാ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന കണക്കുകൂട്ടലോടെ മുന്നൊരുക്കങ്ങളുമായി യു.ഡിഎഫ് മുന്നിലെത്തി. ഇടതുമുന്നണിയാകട്ടെ എൻ.സി.പിയിലെ തർക്കപ്രശ്നങ്ങളിൽ കുടുങ്ങി സ്റ്റാർട്ടിംഗ് ട്രബിളിലാണിപ്പോഴും .
പാലായിൽ പ്രാദേശികതല നേതാക്കളെയും പ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ള കൺവെൻഷനുകൾ യു.ഡി.എഫ് പൂർത്തിയാക്കിക്കഴിഞ്ഞു. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്ന നടപടികളും ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തവരെ ഉൾപ്പെടുത്തുന്ന ജോലിയും തുടങ്ങി. ഇടതുമുന്നണിയാകട്ടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
അരനൂറ്റാണ്ടിലേറെയായി കെ.എം.മാണി ജയിച്ചു വന്ന സീറ്റ് നിലനിറുത്തേണ്ടത് കേരള കോൺഗ്രസിനൊപ്പം യു.ഡി.എഫിന്റേയും പ്രസ്റ്റീജാണ്. ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതും ഇതിന്റെ ഭാഗമാണ്.
ജോസ് കെ മാണിയുടെ ഭാര്യ നിഷയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെങ്കിലും അംഗീകരിക്കുമെന്ന് ജോസിനെ എതിർക്കുന്ന വിഭാഗത്തിന്റെ നേതാവ് പി.ജെ.ജോസഫ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ ജോസഫ് വിഭാഗം ഇടങ്കോലിടില്ലെന്ന ശുഭ പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാൽ ഇത് ജോസഫിന്റെ 'കളിയാണോ'യെന്ന സംശയത്തിലാണ് ജോസ് വിഭാഗം. സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിക്കേണ്ടത് താത്ക്കാലിക ചെയർമാന്റെ ചുമതല വഹിക്കുന്ന ജോസഫാണോ എതിർ വിഭാഗം ചെയർമാൻ ജോസാണോ എന്നത് തർക്ക പ്രശ്നമാക്കിയാൽ യു.ഡി.എഫിൽ കല്ലു കടിയാകും. ഉപതിരഞ്ഞെടുപ്പ് വരെ പ്രശ്നമുണ്ടാക്കരുതെന്ന് ഇരുനേതാക്കളോടും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടിരുന്നു. പിളർപ്പ് അംഗീകരിച്ച് ഇരു വിഭാഗവും പരസ്പരം പുറത്താക്കൽ തുടരുകയുമാണ്. ജോസിനെ ചെയർമാനായി തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട തൊടുപുഴ കോടതി തീർപ്പും നീളുകയാണ്. ഇതെല്ലാം യു.ഡി.എഫിന് തലവേദന തന്നെ.
ഇടതുമുന്നണിയിൽ എൻ.സി.പി തർക്കം
എൻ.സി.പി ജില്ലാ വിഭാഗത്തിലെ തർക്കം പരിഹരിക്കാത്തതാണ് ഇടതു മുന്നണിയിലെ തലവേദന . രണ്ട് ഗ്രൂപ്പായി തന്നെയാണ് നേതാക്കളുടെ പ്രവർത്തനം. എൽ.ഡി.എഫ് സംസ്ഥാന, ജില്ലാ കമ്മിറ്റികളോട് ആലോചിക്കാതെ മാണി സി കാപ്പൻ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന്റെ അസംതൃപ്തി ഇടതു മുന്നണി നേതാക്കൾക്ക് ഇനിയും മാറിയിട്ടില്ല. ഔദ്യോഗിക പക്ഷം കാപ്പനൊപ്പം നിൽക്കുന്നതിനാൽ മറ്റൊരു സ്ഥാനാർത്ഥി എൻ.സി.പിയിൽ ഉണ്ടാകാനിടയില്ല . ജയസാദ്ധ്യത കൂടുതൽ കണക്കിലെടുത്ത് എൻ.സി.പിക്കു കൂടി താത്പര്യമുള്ള ഒരു പൊതു സ്വതന്ത്രന്റെ പേരു സി.പി.എം നിർദ്ദേശിച്ചാൽ എൻ.സി.പിക്ക് അത് അംഗീകരിക്കേണ്ടി വരും.
തോമസ് ചാഴികാടൻ എം.പിക്ക് പാലാ നിയമസഭാ മണ്ഡലത്തിൽ 34000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ജോസഫും ജോസും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പാലാ സീറ്റ് പിടിച്ചെടുക്കണമെങ്കിൽ ജനസ്വാധീനമുള്ള നേതാവ് മത്സരിക്കണമെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം.
മാണിയുടെ സീറ്റ് നിലനിറുത്തുക യു. ഡി. എഫിന് പ്രസ്റ്റീജ്
സ്ഥാനാർത്ഥയായി നിഷയെ അംഗീകരിക്കുമെന്ന് ജോസഫ്
യു. ഡി.എഫ് ലോക്കൽ കൺവെൻഷനുകൾ പൂർത്തിയാക്കി
ഇടതുമുന്നണിയാകട്ടെ പ്രാരംഭ പ്രവർത്തനം തുടങ്ങിയിട്ടില്ല
ഔദ്യോഗിക പക്ഷം ഒപ്പമുള്ളതിനാൽ കാപ്പൻ മൽസരിച്ചേക്കും
പാലാ ഉപതിരഞ്ഞെടുപ്പ് സെപ്തംബറിൽ നടക്കുമെന്നാണ് പ്രതീക്ഷ. ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനാവശ്യമായ നടപടി എടുക്കാൻ സംസ്ഥാന കമ്മിഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വലിയ ഭൂരിപക്ഷത്തോടെ മാണി സാറിന്റെ പാലാ സീറ്റ് നില നിറുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ കേരള കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. പാർട്ടിയിലെ തർക്ക പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിവരുന്നത് .
ജോസ് കെ. മാണി എം.പി