ചങ്ങനാശേരി : വായുവിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'തൂവാല വെറുമൊരു തുണിയല്ല' പദ്ധതിയുടെ മുനിസിപ്പൽതല ഉദ്ഘാടനം കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പെരുന്ന എൻ.എസ്.എസ് സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് തൂവാല നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി ജംഗ്ഷൻ ഫേസ്ബുക്ക് കൂട്ടായ്മയുടെ സഹകരണത്തോടെ നഗരസഭാ പരിധിയിലെ മുഴുവൻ സ്‌കൂളുകളിലും രണ്ടു തൂവാല വീതം ഓരോ വിദ്യാർത്ഥികൾക്കും നൽകുകയാണ് ലക്ഷ്യം. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അജിത് കുമാർ, ജൂ. ഹെൽത്ത് ഇൻസ്പെക്ടർ ആന്റണി ലിനേഷ്, ഫേസ്ബുക് കൂട്ടായ്മ ചീഫ് അഡ്മിൻ വിനോദ് പണിക്കർ, ഡോ. ബിജു, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. വേണുഗോപാൽ, ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ മുരളീധരൻ, അദ്ധ്യാപകരായ നന്ദകുമാർ, സനീഷ് എന്നിവർ പങ്കെടുത്തു.
പ്രചരണപരിപാടിയിലൂടെ 15,000 തൂവാലകൾ താലൂക്കിൽ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പെരുന്ന എൻ.എസ്.എസ് സ്‌കൂളിൽ 1000 തൂവാലകൾ സൗജന്യമായി വിതരണം ചെയ്തു.