ചങ്ങനാശേരി : യാത്രയുടെ ഇടവേളകളിൽ സ്ത്രീകൾക്ക് വിശ്രമിക്കുന്നതിനായി വനിതാ വികസന കോർപ്പറേഷൻ ആരംഭിക്കുന്ന 'ഫ്രഷ് ഇൻ അപ്' സെന്ററിന്റെ ആദ്യ കേന്ദ്രം നഗരസഭയിലെ പാലാത്ര- ളായിക്കാട് ബൈപാസിൽ നിർമ്മിക്കും. നഗരസഭയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് കേരളത്തിലെ പ്രധാന പാതയോരങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ നിർമ്മിക്കും.
50 ലക്ഷം രൂപയാണ് സെന്ററിനായി വനിതാ വികസന കോർപറേഷൻ അനുവദിച്ചിരിക്കുന്നത്. നിർമാണ ജോലികൾക്ക് 45 ലക്ഷവും അനുബന്ധ പ്രവർത്തനങ്ങൾക്ക് 5 ലക്ഷവും എന്ന രീതിയിലാണ് തുക അനുവദിച്ചിരിക്കുന്നത്. നഗരസഭ ഇന്റർ നാഷണൽ സ്റ്റേഡിയത്തിനായി കണ്ടൈത്തിയ സ്ഥലത്താണ് വഴിയോര വിശ്രമത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിനു മുമ്പായി പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം. നിർമ്മാണ പ്രവർത്തനങ്ങൾ 15ന് ആരംഭിക്കും. വനിതാ വികസന കോർപ്പറേഷൻ ഉദ്യോഗസ്ഥർ ളായിക്കാട് എത്തി പ്രാഥമിക പരിശോധനകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചങ്ങനാശേരി ബൈപാസിലെ ളായിക്കാട് പ്രദേശം പദ്ധതിക്കായി തെരഞ്ഞെടുത്തത്. സ്റ്റേഡിയത്തിനായി എടുത്ത സ്ഥലത്തെ 15 സെന്റിലാണ് ഫ്രഷ് അപ്പ് സെന്റർ സ്ഥാപിക്കുന്നത്.