കറുകച്ചാൽ: കറുകച്ചാലിലും സമീപപ്രദേശങ്ങളിലും അപകടങ്ങൾ തുടർക്കഥയാകുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്. ഇതിൽ അപകടമരണവും പരിക്കേറ്റവരുടെ എണ്ണവും നിരവധിയാണ്. തിങ്കളാഴ്ച് കറുകച്ചാലിലും പരിസരപ്രദേശങ്ങളിലുമായി സംഭവിച്ചത് നാലപകടങ്ങളാണ്. അമിത വേഗവും ശ്രദ്ധക്കുറവും റോഡുകളുടെ നിർമാണത്തിലെ അപാകതയുമാണ് അപകടങ്ങൾക്ക് പിന്നിലെ കാരണം. ഭൂരിഭാഗം അപകടവും ചങ്ങനാശ്ശേരി-വാഴൂർ, കറുകച്ചാൽ-മണിമല റോഡുകളിലാണ് സംഭവിക്കുന്നത്. കറുകച്ചാൽ-മല്ലപ്പള്ളി റോഡിൽ ഭാഗങ്ങളിൽ അപകടങ്ങൾ നിത്യസംഭവമാണ്. ഇവിടെ മാസങ്ങൾക്ക് മുമ്പ് അമിതവേഗത്തിലെത്തിയ ബൈക്ക് നെത്തല്ലൂർ ക്ഷേത്രത്തിന് മുൻപിലെ കാണിക്ക വഞ്ചിയിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചിരുന്നു. ഇതിന് പുറമേ കാർ ഇടിച്ച് കാൽനടയാത്രികൻ മരിച്ചത്, ഓട്ടോയും സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചത്...തുടങ്ങിയവ നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയിരുന്നു. വേഗനിയന്ത്രണ സംവിധാനങ്ങളും അപായ സൂചക മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുകയും പൊലീസിന്റെ രാത്രികാല പട്രോളിംഗ് ഊർജിതമാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.