പാലാ: ഉയരമുള്ള മരത്തിനു മുകളിൽ കയറിയശേഷം ഇറങ്ങാൻ കഴിയാതെ വന്നാൽ എന്തു ചെയ്യണം? മുത്തോലി നിരപ്പേൽ ജോണിയാണ് അതിനുത്തരം.

ഇന്നലെ രാവിലെ 11.15 ഓടെ പാലാ കൊട്ടാരമറ്റത്ത് ഒരു പുരയിടത്തിലെ 40 അടിയോളം പൊക്കമുള്ള പുളിമരത്തിൽ ശിഖരം മുറിയ്ക്കാൻ കയറിയതാണ് ജോണി. മുകളിലെത്തിയപ്പോൾ അസ്വസ്ഥതയും തലചുറ്റലും അനുഭവപ്പെട്ടു. എങ്ങാനും താഴെ വീണാലോ?

ഉടൻ ഒരു ശിഖരത്തിൽ ഇരുന്ന ശേഷം തന്റെ കൈയിലുണ്ടായിരുന്ന കയർ ഉപയോഗിച്ച് ശരീരം തടിയോട് ചേർത്ത് കെട്ടി. അതിനാൽ തല കറങ്ങിയെങ്കിലും താഴെ വീണില്ല. കൂടെ ഉണ്ടായിരുന്നവർ ഉടൻ ഫയർഫോഴ്‌സിൽ അറിയിച്ചു. ഫയർഫോഴ്‌സ് പാഞ്ഞെത്തി. ഫയർമാൻമാരായ പ്രസാദ് പ്രവീൺ എന്നിവർ മരത്തിൽ കയറി കൈവശമുണ്ടായിരുന്ന വല ഉപയോഗിച്ച് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ജോണിയെ താഴെയിറക്കി. മറ്റ് ജീവനക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

കയർ ഇല്ലെങ്കിൽ ഉടുമുണ്ടഴിച്ചെങ്കിലും ഇപ്രകാരം മരത്തോട് ചേർത്ത് കെട്ടണമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. രക്ഷാ പ്രവർത്തനം വൈകിയാലും ജീവൻ രക്ഷപ്പെടും.