പാലാ : സെന്റ് മേരീസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ സി.സി.ടി.വി കാമറ തുണിവച്ച് മറച്ച ശേഷം മോഷണശ്രമം. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം. സ്‌കൂളിന്റെ പിറകിലത്തെ കവാടത്തിലൂടെ പ്രവേശിച്ച മോഷ്ടാക്കൾ ഓഫീസ് വാതിലിന്റെ പൂട്ട് തകർത്താണ് അകത്തുകടന്നത്. അലമാരകൾ മുഴുവൻ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ഓഫീസിൽ നിന്ന് മണംപിടിച്ച പൊലീസ് നായ സ്‌കൂളിന് ചുറ്റും ഓടി പുറകിലെ വാതിൽ വരെ ചെന്നു നിന്നു. അഡ്മിഷന്റെ ഭാഗമായും മറ്റും ലഭിച്ച പണം സ്റ്റാഫ് റൂമിലാണ് സൂക്ഷിച്ചിരുന്നത്. ഇത് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്യു തോമസ് പറഞ്ഞു. വിരലടയാള വിദഗ്ദ്ധരെത്തി തെളിവുകൾ ശേഖരിച്ചു. സ്‌കൂളിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വിയിൽ ഒരാൾ നടന്നുവരുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ സി.സി.ടി.വി ടെക്‌നീഷ്യൻമാരുടെ സഹായം തേടാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്‌കൂളിൽ നടക്കുന്ന അഞ്ചാമത്തെ മോഷണമാണിത്. തുടർച്ചയായി മോഷണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് പി.ടി.എ ഭാരവാഹികളായ സെബി പറമുണ്ട, എബി. ജെ.ജോസ് എന്നിവർ ആവശ്യപ്പെട്ടു. പാലാ എസ്.ഐ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് അന്വേഷണം.