വൈക്കം : പടിഞ്ഞാറെനടയിലെ ബസ്ബേയിൽ ടി.വിയും ഫാനും, കുടിവെള്ളവും ഇല്ലാത്തതിൽ നഗരസഭ കൗൺസിൽ യോഗത്തിലും പ്രതിഷേധം. പൊലീസ് സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് പണികഴിപ്പിച്ച ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കുടിവെള്ളം, ടി.വി, ഫാൻ, വൈഫൈ എന്നിവ ഉണ്ടായിരിക്കുമെന്നാണ് നിർമ്മാണ ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിർമ്മാണം പൂർത്തിയായപ്പോൾ ഇതൊന്നും ഇല്ല. നഗരത്തിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള ഹൈടെക് ബസ് ബേ നിർമ്മിക്കാൻ 35 ലക്ഷം രൂപയാണ് സി.കെ.ആശ എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നനുവദിച്ചത്. പൊതുമേഖലാ സ്ഥാപനമായ സിൽക്കിനായിരുന്നു നിർമ്മാണം. ബസ് ബേ പരിപാലനം നഗരസഭയുടെ ചുമതലയിലാണ്. വൈദ്യുതി ചാർജ്ജ്, ശുചീകരണം എന്നിവയ്ക്കായി മാസംതോറും വലിയ തുക നഗരസഭ ചെലവാക്കണം. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികളും നഗരസഭ നടത്തണം. പക്ഷേ നഗരസഭയുടെ പേര് ബസ് ബേയിൽ ഒരിടത്തുമില്ല. വൈക്കത്തെ ചരിത്ര പുരുഷന്മാരിൽ ചിലരുടേയും മുഖ്യമന്ത്രിയുടെയും എം.എൽ.എയുടെയും ചിത്രങ്ങളും സർക്കാരിന്റെ ഭരണനേട്ടങ്ങളുമെല്ലാമുണ്ട്. ദളവാക്കുളം ബസ് ടെർമിനലിലെ കാത്തിരുപ്പ് കേന്ദ്രത്തിന്റെ നിർമ്മാണ ചുമതലയും സിൽക്കിനാണ്. ഇതിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചത് ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയിൽ പടിഞ്ഞാറെ നടയിലെ ബസ് ബേയിൽ ടിവിയും ഫാനും കുടിവെള്ളവും വൈഫൈയും ഇല്ലാത്തതും നഗരസഭയെ അവഗണിച്ചതും പരാമർശിച്ചിരുന്നു. കേരളകൗമുദി വാർത്ത നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ.വി.വി.സത്യൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു.

 അന്വേഷണം നടത്തണം

അഡ്വ.വി.വി.സത്യൻ

(നഗരസഭ പ്രതിപക്ഷ നേതാവ്)

ബസ് ബേയുടെ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ട്. കരാറിൽ പറഞ്ഞിരുന്ന ടി.വിയും ഫാനും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനവും വൈഫൈയും എവിടെ പോയെന്ന് അന്വേഷിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം നഗരസഭയ്ക്കുണ്ട്. അത് കണ്ടെത്തി ജനങ്ങളോട് പറയുകയും വേണം. ബസ് ബേയിൽ നഗരസഭയുടെ പേര് രേഖപ്പെടുത്താതിരുന്നതിനും ബന്ധപ്പെട്ടവർ മറുപടി പറയണം.

 നടപടി സ്വീകരിക്കും

പി.ശശിധരൻ

(നഗരസഭ ചെയർമാൻ)

വളരുന്ന വൈക്കത്തിന്റെ വികസന മുഖത്തിന് തിലകക്കുറിയായാണ് സി.കെ.ആശ എം.എൽ.എ ആധുനിക ബസ് ബേ അനുവദിച്ചത്. പരിപാലന ചെലവുകൾ നഗരസഭ വഹിക്കാമെന്ന് വ്യവസ്ഥയിലാണ് നഗരത്തിന് ഇത് ലഭിച്ചത്. നിർമ്മാണം സിൽക്കിനും മേൽനോട്ടം നഗരസഭ എൻജിനീയർക്കുമായിരുന്നു. അനുവദിക്കപ്പെട്ട പണം മുഴുവൻ സിൽക്കിന് കൈമാറിയിട്ടുണ്ട്. സിൽക്കുമായുള്ള കരാർ വ്യക്തമായി പരിശോധിച്ച് ടി.വി, ഫാൻ, കുടിവെള്ളം, വൈഫൈ എന്നിവയുടെ കാര്യത്തിൽ നടപടി സ്വീകരിക്കും. ബസ് ബേയ്ക്കുള്ളിലെ കടമുറി ലേലം ചെയ്ത് നൽകിയത് നഗരസഭയാണ്. 5 ലക്ഷമാണ് സെക്യൂരിറ്റി തുകയായി ലഭിച്ചത്. മാസം 12500 രൂപ വാടകയിനത്തിലും നഗരസഭക്ക് കിട്ടും. നഗരസഭയുടെ പേര് ബസ് ബേയിൽ രേഖപ്പെടുത്താത്തത് ഉദ്ഘാടന ചടങ്ങിൽ തന്നെ സിൽക്കിന്റെ പ്രതിനിധികളെ അറിയിച്ചിരുന്നു. ഉടൻ സ്ഥാപിക്കുമെന്ന് ഉറപ്പ് പറഞ്ഞിരുന്നതാണ്. അതേ പോലെ ഉദ്ഘാടന ചടങ്ങിന്റെ ശിലാഫലകവും സ്ഥാപിച്ചിട്ടില്ല. ഇക്കാര്യങ്ങളിലും ആവശ്യമായ നടപടി സ്വീകരിക്കും.