കോട്ടയം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കാർഡ് നൽകി കോട്ടയം മുന്നിലെത്തി. ജില്ലയിൽ അംഗങ്ങളായ 2.37ലക്ഷം കുടുംബങ്ങളിൽ 2.18 ലക്ഷം പേർക്കാണ് ഇന്നലെ വരെ കാർഡുകൾ വിതരണം ചെയ്തത്. ഒരാഴ്ചക്കുള്ളിൽ മുഴുവൻ പേർക്കും കാർഡ് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പദ്ധതി നടപ്പാക്കുന്ന കോമ്പ്രഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസി ഒഫ് കേരള (ചിയാക് ).
2008 ലെ ആർ.എസ്.ബി.വൈ പദ്ധതിയാണ് ഏപ്രിൽ ഒന്ന് മുതൽ ആയുഷ്മാൻ ഭാരത്/കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരിലായത്. കിടത്തി ചികിത്സ തേടേണ്ട അവസരങ്ങളിൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഒരു കുടുംബത്തിന് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കും. തദ്ദേശസ്ഥാപന അടിസ്ഥാനത്തിലാണ് കാർഡ് വിതരണം.
ഇവർ അർഹർ
സംസ്ഥാന സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ചിസ്, ചിസ് പ്ലസ്, എസ് ചിസ് , കേന്ദ്ര സർക്കാരിന്റെ ആർ.എസ്.ബി.വൈ തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞ മാർച്ച് 31 വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിച്ച എല്ലാ കുടുംബങ്ങളും. 2011ലെ കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ ആയുഷ്മാൻ പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവരും. കുടുംബത്തിലെ ആർക്കെങ്കിലും കാർഡ് ഉണ്ടെങ്കിൽ അതിൽ ഉൾപ്പെടുത്താം. പുതിയ കുടുംബങ്ങൾക്ക് അപേക്ഷ വിളിച്ചിട്ടില്ല. കഴിഞ്ഞ മാർച്ച് 31 വരെ കാലാവധിയുള്ള കാർഡുകൾ പുതുക്കാം. സൗകര്യങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
24 മണിക്കൂർ കിടത്തിയാൽ പരിരക്ഷ
24 മണിക്കൂറെങ്കിലും കിടത്തി ചികിത്സ വേണ്ടിവന്നാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ചികിത്സാ സമയത്തെ മരുന്നുകൾ, പരിശോധനകൾ തുടങ്ങിയവ സൗജന്യം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് 3 ദിവസം മുൻപും ഡിസ്ചാർജ് ചെയ്ത് 5 ദിവസം വരെയും പരിശോധനകളും മരുന്നുകളും ഫ്രീ.
സേവനമുള്ള സർക്കാർ ആശുപത്രികൾ
കോട്ടയം മെഡിക്കൽ കോളേജ്
കുട്ടികളുടെ ആശുപത്രി
ഡന്റൽ കോളേജ്
കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി ജനറൽ ആശുപത്രികൾ
പാമ്പാടി, വൈക്കം താലൂക്ക് ആശുപത്രികൾ
കുമരകം, ഇടയിരിക്കപ്പുഴ, സചിവോത്തമപുരം, തോട്ടയ്ക്കാട്, മുണ്ടൻകുന്ന് പി.എച്ച്.സികൾ
സ്വകാര്യ ആശുപത്രികൾ
വാസൻ ഐ കെയർ
പാലാ ചെറുപുഷ്പം ട്രസ്റ്റ് ആശുപത്രി
പാല അൽഫോൺസ ഐ ഹോസ്പിറ്റൽ
പൈക ലയൺസ് ഐ ഹോസ്പിറ്റൽ
മുക്കൂട്ടുതറ അസിസീ ആശുപത്രി
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി
'' 91 ശതമാനം പേർക്ക് കാർഡ് നൽകി മുന്നിലെത്തിയിരിക്കുകയാണ് കോട്ടയം. ഒരാഴ്ചയ്ക്കുള്ളിൽ എല്ലാവർക്കും കാർഡ് നൽകാനാകുമെന്നാണ് പ്രതീക്ഷ''
ലിബിൻ കുര്യാക്കോസ്, പ്രോജക്ട് മാനേജർ (ചിയാക്)