പാലാ : പാലായിലും പരിസരപ്രദേശങ്ങളിലും പനി പടർന്ന് പിടിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കാതെ ആരോഗ്യവകുപ്പ്. രാമപുരം, പൈക, പിഴക്, ഭരണങ്ങാനം, കിടങ്ങൂർ, വെട്ടിമുകൾ, കട്ടച്ചിറ പ്രദേശങ്ങളിലെ നിരവധിപ്പേരാണ് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സതേടിയിരിക്കുന്നത്. പാലാ ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 700 പേർ ചികിത്സതേടി. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമാണ് പനിയെങ്കിലും കരുതൽവേണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. വൈറൽപനി വായുവിൽക്കൂടി പകരുന്നതിനാൽ രോഗികളുമായി സമ്പർക്കത്തിലേർപ്പെടുന്നവർ മുൻകരുതലെടുക്കണം.

വൈറൽപ്പനി ലക്ഷണങ്ങൾ

അതിശക്തമായ പനി

തലവേദന

തലകറക്കം

ഛർദ്ദി

മഴക്കാല പൂർവശുചീകരണം താളംതെറ്റി

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ താളംതെറ്റിയത് പനി പടർന്ന് പിടിക്കാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം. നഗരത്തിലെ മിക്കയിടങ്ങളിലും മാലിന്യം ചീഞ്ഞുനാറുകയാണ്. നൂറുകണക്കിനാളുകൾ കുളിക്കാനും നനയ്ക്കാനുമായി ഉപയോഗിക്കുന്ന മീനച്ചിലാറ്റിലേക്ക് ഒഴുക്കുന്ന മാലിന്യം ഉയർത്തുന്ന പകർച്ചവ്യാധി ഭീഷണിയും ഗുരുതരമാണ്. ആരോഗ്യവകുപ്പ്‌ ബോധവത്ക്കരണ പരിപാടികൾ ആരംഭിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.