കടുത്തുരുത്തി: വിവിധ വികസനപദ്ധതികളുടെ ഭാഗമായി സംസ്ഥാന സർക്കാർ സഹായത്തോടെ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ചതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തിയതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും എം.എൽ.എ അറിയിച്ചു. മരങ്ങാട്ടുപിള്ളി ഗവ: ആശുപത്രിക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെയും അനുബന്ധ വികസന പ്രവർത്തനങ്ങളുടെയും പരിശോധനയാണ് ആദ്യം നടത്തുന്നത്. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും എച്ച്.എം.സി അംഗങ്ങളും ഇതിൽ പങ്കെടുക്കും. ഞീഴൂർ ഐ.എച്ച്.ആർ.ഡി. കോളേജിനു വേണ്ടി എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയത്തിലേയ്ക്ക് ക്ലാസുകൾ മാറ്റുന്നതിന് മുന്നോടിയായുള്ള പരിശോധനയിൽ ഞീഴൂർ പഞ്ചായത്ത് അധികൃതർ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗ ഉദ്യോഗസ്ഥർ ഐ.ച്ച്.ആർ.ഡി കോളേജ് അധികൃതർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജോയിന്റ് ഇൻസ്‌പെക്ഷൻ എക്‌സിക്യൂട്ടീവ് എൻജീനീയർ നേതൃത്വം നൽകും.