പാലാ : സ്ലാബുകൾ തകർന്നു, ടൈലുകൾ ഇളകി കുഴികൾ രൂപപ്പെട്ടു...കാൽനടയാത്രക്കാർക്ക് കെണിയൊരുക്കി കാത്തിരിക്കുകയാണ് പാലാ നഗരത്തിലെ നടപ്പാതകൾ. നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പ്രധാന റോഡുകളുടെ വശങ്ങളിൽ നടപ്പാതകൾ നിർമ്മിച്ചത്. എന്നാൽ ഏറെയും അപകടാവസ്ഥയിലാണ്. ടൈലുകൾക്ക് അടിയിലെ മണ്ണും സിമന്റും ഒലിച്ചുപോയാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ടൈലുകളിൽ തട്ടി കാൽനടയാത്രക്കാർ വീഴുന്നതും നിത്യസംഭവമാണ്. എക്‌സൈസ് റേഞ്ച് ഓഫീസിന് സമീപം ടൈലുകളും സിമന്റും തകർന്ന് വലിയ കുഴിയാണ് ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് യാത്രക്കാരും നിരവധി വിദ്യാർത്ഥികളും ദിവസവും കടന്നുപോകുന്ന ഭാഗമാണിത്. ഇളകുന്ന ടൈലുകൾക്കടിയിൽ ചെളിവെള്ളം കെട്ടിക്കിടന്ന യാത്രക്കാരുടെ വസ്ത്രങ്ങളിൽ തെറിക്കുന്നുണ്ട്.
നടപ്പാതകൾ തകർന്നതിവിടെ
ഐ.എൻ.ടി.യു.സി ഓഫീസ്
ബസ് സ്റ്റാൻഡ് ജംഗ്ഷൻ
സ്റ്റേഡിയം ജംഗ്ഷൻ
മഹാറാണി കവല
കുരിശുപള്ളി
ആശുപത്രി ജംഗ്ഷൻ
നടത്തിക്കില്ല ഇതുവഴി
നടപ്പാതകളിൽ അനധികൃത കച്ചവടവും, വാഹനപാർക്കിംഗും തകൃതിയാണ്. സാധനസാമഗ്രികൾ നടപ്പാതയിലേക്ക് ഇറക്കിവച്ച് കച്ചവടം നടത്തുന്നതിനാൽ കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാനാകുന്നില്ല. വാഹനം പാർക്ക് ചെയ്യുന്നതുമൂലം കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങിനടക്കേണ്ട ഗതികേടാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
''
കാൽനടയാത്രക്കാരുടെ സുരക്ഷക്കായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ചിട്ടുള്ള നടപ്പാതകൾ കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെയും കച്ചവടം നടത്തുന്നവർക്കെതിരെയും നടപടിയെടുക്കണം
സുരേഷ്, കാൽനടയാത്രക്കാരൻ