കോട്ടയം : അറ്റകുറ്റപണികൾ പൂർത്തിയാക്കി ചുങ്കത്ത് മുപ്പത് പാലം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തുറക്കുന്നതോടെ ആലപ്പുഴ റൂട്ടിൽ ബോട്ട് സർവീസ് പുന:രാരംഭിക്കാനാവുമെന്ന് പ്രതീക്ഷ. പാലത്തിന്റെ ലെവലിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. അറ്റകുറ്റപ്പണി പൂർത്തിയായാലും ഒരാഴ്‌ച നിരീക്ഷണം നടത്തിയ ശേഷം പാലം തുറന്നാൽ മതിയെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ തീരുമാനം. ബോട്ട് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി കോടിമത മുതൽ - കാഞ്ഞിരം വരെയുള്ള ഭാഗത്ത് ആറ്റിലെയും, തോട്ടിലെയും പോള നീക്കുന്ന ജോലികൾ ആരംഭിച്ചു. ബോട്ട് ജെട്ടികളിൽ തെങ്ങിൻ കുറ്റികൾ സ്ഥാപിച്ച് ബോട്ട് അടുപ്പിക്കുന്നതിനുള്ള ക്രമീകരണവും നടത്തി.
നിരക്ക് 18 രൂപ
കോടിമത- ആലപ്പുഴ ബോട്ട് സർവീസിന് 18 രൂപയാണ് ഈടാക്കുന്നത്. പാലം അടച്ചതോടെ കാഞ്ഞിരത്തു നിന്നാണ് നിലവിൽ ബോട്ട് സർവീസ്. കായൽ ഭംഗി ആസ്വദിക്കാനായി നിരവധി വിനോദ സഞ്ചാരികളാണ് എത്തിയിരുന്നത്. കാഞ്ഞിരത്തേയ്‌ക്ക് ബോട്ട് സർവീസ് മാറ്റിയതോടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത് ജലഗതാഗത വകുപ്പിന്റെ വരുമാനത്തെയും ബാധിച്ചു. കാഞ്ഞിരം, കാരാപ്പുഴ, വെട്ടിക്കാട്, ആർ ബ്ലോക് എന്നീ കായൽമേഖലകളിൽനിന്നുള്ള നാട്ടുകാരിൽ ഭൂരിഭാഗവും ബോട്ട് സർവീസിനെ ആശ്രയിച്ചാണ് യാത്ര ചെയ്തിരുന്നത്.
തുറക്കും, അടയ്ക്കും...പിന്നെയും തുറക്കും !
മുൻപ് പല തവണ തുറന്ന പാലം ഇത്തവണയെങ്കിലും അടയ്‌ക്കാതിരിക്കണേ എന്ന പ്രാർത്ഥനയിലാണ് നാട്ടുകാർ. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലുതവണയാണ് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചത്. പാലം തുറന്ന് ഒരാഴ്‌ച പൂർത്തിയാകുമ്പോഴേയ്‌ക്കും വീണ്ടും തകരാറിലാകുകയാണ് പതിവ്. ഇക്കുറി കൃത്യമായ നിരീക്ഷണത്തിന് ശേഷം മാത്രം പാലം തുറന്നാൽ മതിയെന്ന തീരുമാനമെടുത്തത് ഇതിനാലാണ്.