കോട്ടയം: : സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് വൈദ്യുതി നിരക്ക് അന്യായമായി വർദ്ധിപ്പിക്കേണ്ടി വന്നതെന്ന് കേരള കോൺഗ്രസ് (എം) ആക്‌ടിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. സാധാരണക്കാർക്ക് അധിക ഭാരമായ വൈദ്യുതി ചാർജ്ജ് വർദ്ധന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് നടത്തിയ വൈദ്യുതി ഭവൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓട്ടുവിളക്ക് തെളിയിച്ചാണ് ജോസഫ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. ജോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ , അഡ്വ. മാത്യൂ ജോർജ്ജ്, പ്രസാദ് ഉരുളികുന്നം എന്നിവർ സംസാരിച്ചു.