njeezhoor-road

പൊട്ടിപ്പൊളിഞ്ഞ് കാട്ടാമ്പാക്ക് - ‌ഞീഴൂർ റോഡ്

കുറവിലങ്ങാട് : ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന പ്രധാന റോഡാണ്. പക്ഷ പറഞ്ഞിട്ടെന്ത് കാര്യം. കിടക്കണ കിടപ്പ് കണ്ടാ! കുഴിയിൽ ചാടി മടുത്തു സാറേ..ഇനിയെങ്കിലും ഈ റോഡൊന്ന് നന്നാക്കിത്തരുമോ ?കാട്ടാമ്പാക്ക് - ഞീഴൂർ റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ അപേക്ഷയാണിത്. ഇവരുടെ പരിദേവനം ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. ആര് കേൾക്കാൻ. ഓരോ ദിവസം ചെല്ലുംതോറും റോഡിന്റെ തകർച്ച കൂടുകയാണ്.

പല ഭാഗങ്ങളിലും ടാറിംഗ് പൂർണമായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കാൽനടയാത്ര പോലും അസാദ്ധ്യം. ഞീഴൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡുകളിലൊന്നാണെങ്കിലും ആ പരിഗണനയൊന്നും കിട്ടുന്നില്ല. ടാർ കണ്ടിട്ട് വർഷങ്ങളായെന്നാണ് നാട്ടുകാർ പറയുന്നത്. മിക്കയിടത്തും വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ചിലഭാഗങ്ങളിൽ ടാർ ഇളകി മണ്ണും മെറ്റിലും നിരന്ന നിലയിലാണ്. ഇരുചക്രവാഹനയാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ രാത്രികാലങ്ങളിലാണ് അപകടം കൂടുതൽ. താരതമ്യേന വീതി കുറഞ്ഞ റോഡിലൂടെ സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. ഭാരവാഹനങ്ങളുടെ യാത്രയും റോഡ് തകർ‌ച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

ഓട്ടം വിളിച്ചാൽ ഓട്ടോയും വരാതായി

വൻകുഴികളായതിനാൽ ഓട്ടോറിക്ഷകളും ഇതുവഴി വരാൻ മടിക്കുകയാണ്. ഇതോടെ പ്രദേശത്തെ യാത്രാദുരിതവും ഏറി. പ്രായമായവരടക്കം കിലോമീറ്ററുകളോളം നടന്നാണ് പോകുന്നത്. വിദ്യാർത്ഥികൾക്കാണ് കൂടുതൽ ദുരിതം.കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വശങ്ങളിലേക്ക് വെട്ടിക്കുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്.

" റോഡ് പൂ‌ർണമായും തകർന്നതോടെ വ്യാപാരികളും ബുദ്ധിമുട്ടിലാണ്. റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം.

വിജയകുമാർ , വ്യാപാരിവ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്

ഗ്രാമീണമേഖലയിലെ പ്രധാന റോഡ്

ടാറിംഗ് പൂർണമായും ഇളകിയ നിലയിൽ

കാൽനടയാത്രയും അസാദ്ധ്യം