തൊടുപുഴ: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ഒരാഴ്ചക്കകം സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി സൊമിനിക് അറിയിച്ചു.. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ തെളിവെടുപ്പിന്റെ ഭാഗമായി കമ്മീഷൻ അദ്ധ്യക്ഷൻ പീരുമേട് സബ്ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദർശിച്ചു. രാജ്കുമാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, എഫ് ഐ ആർ തുടങ്ങി നെടുങ്കണ്ടംപൊലീസ് സ്റ്റേഷനിൽ ലഭ്യമായ എല്ലാ രേഖകളുടെയും പകർപ്പ് കമ്മീഷൻ ശേഖരിച്ചു. പീരുമേട് ജയിലിൽ തടവുകാരുമായി കമ്മീഷൻ ആശയവിനിമയം നടത്തി. രാജ്കുമാറിന്റെ ഭാര്യ എം വിജയ നൽകിയ പരാതി കമ്മീഷൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു. കസ്റ്റഡി മരണം ഉണ്ടായ ഉടനെ കമ്മീഷൻ കേസെടുത്തിരുന്നു. തുടർന്ന് വിശദമായ ഒരു അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനപൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ്, മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് എന്നിവ ഹാജരാക്കാൻ ജയിൽ മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ രേഖകൾ ലഭിച്ചിട്ടില്ല.
കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ യഥാസമയം സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് ആന്റണി സൊമിനിക് പറഞ്ഞു. ക്രൈംകേസുകളിൽ പ്രതികളായ 1129 പൊലീസുകാർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികൾ അടിയന്തിരമായി അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.