കോട്ടയം: വനിതകളും ഉൾപ്പെട്ട ഡി.വൈ.എഫ്.ഐ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സി.പി.എം കുമരകം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം അശ്ലീല വീഡിയോ പോസ്റ്റ് ചെയ്‌തത് വിവാദമായി. ഡി.വൈ.എഫ്.ഐ റെഡ് ആർമി, മിറാഷ് കുമരകം എന്നീ ഗ്രൂപ്പുകളിലാണ് അശ്ലീല വീഡിയോ ഇട്ടത്. വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും പാർട്ടി വൃത്തങ്ങളിൽ അതിനകം സംഭവം ചർച്ചയായി. നിരവധി യുവതികൾ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവുകയും ചെയ്‌തു.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടേ മുക്കാലോടെയാണ് രണ്ടു ഗ്രൂപ്പിലും ഒരേ സമയം വീഡിയോ ഇട്ടത്. സി.പി.എമ്മിന്റെ രക്തസാക്ഷിയായ ധനരാജിന്റെ അനുസ്‌മരണ ദിനമായിരുന്നു ഇന്നലെ. അനുസ്‌മരണത്തിന്റെ ഭാഗമായുള്ള വീഡിയോ അയച്ചതിനു പിന്നാലെയാണ് അശ്ലീല വീഡിയോ കൂടി എത്തിയത്. ഇതിനോട് പലരും പ്രതികരിച്ചു. ഇതോടെ ഇരുപത് മിനിറ്റിന് ശേഷം വീഡിയോ ഡിലീറ്റ് ചെയ്‌തു. സംഭവം വിവാദമായതോടെ ലോക്കൽ കമ്മിറ്റി അംഗം മാപ്പു പറഞ്ഞു. എന്നാൽ അച്ചടക്ക നടപടിയെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.