വൈക്കം: തന്തൈ പെരിയോർ ഇ.വി രാമസ്വാമി നായ്ക്കരുടെ വൈക്കത്തെ സ്മാരകം സംരക്ഷിക്കുന്നതിനും നടത്തിപ്പിനുമുള്ള ചുമതല നഗരസഭയ്ക്ക് കൈമാറണമെന്ന് കൗൺസിൽ യോഗം തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു. സ്മാരകവളപ്പ് കാടുകയറിയ നിലയിലാണ്. പെരിയോർ സ്മാരക പ്രതിമ നിൽക്കുന്ന സ്ഥലവും ലൈബ്രറിയും മിനി സ്റ്റേഡിയവും പാർക്കും സംരക്ഷിക്കണം. സാംസ്‌കാരിക കേരളത്തിന് മുതൽക്കൂട്ടാകുന്ന പെരിയോർ സ്മാരകവും പരിസരവും നഗരസഭക്ക് വിട്ടു നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. സാംസ്‌കാരിക വകുപ്പും സംസ്ഥാന സർക്കാരും ഇതിനു മുൻകയ്യെടുക്കണം. ഇതുസംബന്ധിച്ചുള്ള പ്രമേയം കൗൺസിലർമാരായ അംബരീഷ് ജി.വാസു, എസ്.ഹരിദാസൻ നായർ എന്നിവരാണ് അവതരിപ്പിച്ചത്. കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്ന പുളിംചുവട്‌നക്കംതുരുത്ത് റോഡിന്റെ നിർമാണ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നടത്തുമെന്ന് ചെയർമാൻ പി.ശശിധരൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. സി.കെ ആശ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 28 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമിക്കുന്നത്. 20 വർഷമായി തരിശായി കിടന്നിരുന്ന വൈക്കം നഗരസഭ പ്രദേശത്തെ ഏക പാടശേഖരമായ നാറാണത്ത് പാടശേഖരത്തിൽ 16 നു രാവിലെ 11 ന് വിത്തുവിതയ്ക്കൽ നടത്തും. വർഷങ്ങളായി കെട്ടിടങ്ങൾ നിർമിക്കുന്നതിന് പെർമിറ്റ്, ഒക്കപ്പെൻസി, നമ്പറിംഗ് ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിനായി 17 നു രാവിലെ 11ന് വൈക്കം സത്യഗ്രഹ സ്മാരകഹാളിൽ അദാലത്ത് നടത്തുമെന്നും ചെയർമാൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. എ.സി മണിയമ്മ, രോഹിണിക്കുട്ടി അയ്യപ്പൻ, ഡി.രഞ്ജിത്കുമാർ, എൻ.അനിൽബിശ്വാസ്, വി.വി സത്യൻ, ജി.ശ്രീകുമാരൻ നായർ, പി.എൻ കിഷോർകുമാർ, എം.ടി അനിൽകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.