കോട്ടയം: രോഗാവസ്ഥയിലുള്ള കുട്ടികൾക്ക് കരുണയുടെ കൈതാങ്ങുമായി നവജീവൻ ട്രസ്റ്റ് സ്‌കൂൾ കുട്ടികളുമായി കൈകോർക്കുന്നു. ജില്ലയിലെ അഞ്ചു സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് സ്‌നേഹ ദേശം കുടുക്കകൾ സമ്മാനിച്ചാണ് സഹപാഠികൾക്ക് കരുണയുടെ കാവലാവാൻ നവജീവൻ ട്രസ്റ്റ് കുട്ടികളെ ഒരുക്കുന്നത്.

സ്‌കൂൾ വിദ്യാ‌ർത്ഥികളിലെ കാരുണ്യ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് നവജീവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾ ഈ കുടുക്കയുമായി വീടുകളിൽ എത്തുക. തുടർന്ന് തങ്ങളാൽ കഴിയുന്ന ചെറിയ സമ്പാദ്യം ഈ കുടുക്കയിൽ നിക്ഷേപിക്കുക. അവധി ദിവസങ്ങളിൽ അയൽ വീടുകളിലും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ നിന്നും ചെറിയ തുകകൾ ശേഖരിക്കുക. ഇത്തരത്തിൽ ഒരു മാസം കഴിയുമ്പോൾ നവജീവൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ രോഗാവസ്ഥയിലുള്ള കുട്ടികളെ കണ്ടെത്തി ഈ സ്‌കൂളിൽ നിന്നും ശേഖരിച്ച തുക കുട്ടികൾക്ക് കൈമാറും.

പച്ചക്കറികളും, പലവ്യഞ്ജനങ്ങളും അടക്കമുള്ളവയുമായാവും രോഗാവസ്ഥയിലുള്ള കുട്ടിയെ കാണാൻ ട്രസ്റ്റ് അധികൃതരും കുട്ടികളും എത്തുക. കുടുക്ക കൈമാറുന്നതിനു മുൻപ് പി.യു തോമസിന്റെയും , അദ്ധ്യാപകരുടെയും പക്കലുള്ള തുകയും ഈ കുടുക്കയിൽ നിക്ഷേപിക്കും. നിലവിൽ കോട്ടയം നഗരപരിധിയിലുള്ള അഞ്ചു സ്‌കൂളുകൾ പദ്ധതിയുടെ ഭാഗമായി സഹകരിച്ചിട്ടുണ്ട്. സ്നേഹദേശം പദ്ധതി കാണക്കാരി ഗവ.ഹൈസ്‌കൂളിലെ സ്കൂളിലെ കുട്ടികൾക്ക് കുടുക്ക നൽകി നവജീവൻ ട്രസ്റ്റി പി.യു തോമസ് ഉദ്ഘാടനം ചെയ്‌തു.