കോട്ടയം: ഇടതുമുന്നണി ജില്ലാകമ്മിറ്റി യോഗത്തിൽ പങ്കെടുത്ത എൻ.സി.പി മുൻ ജില്ലാ പ്രസിഡന്റ് ടി.വി ബേബിക്ക് സസ്പെൻഷൻ. സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്. എഫ്.ഇ ഡയറക്ടർ ബോർഡ് അംഗവുമായ പി.കെ. ആനന്ദക്കുട്ടന് വിശദീകരണ നോട്ടീസ് .
പാലാ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ചേർന്ന ഇടതുമുന്നണി യോഗത്തിൽ പങ്കെടുത്തതിനാണ് നടപടി. ഇരുവരും ഇപ്പോൾ ഇടതു മുന്നണി ജില്ലാ കമ്മിറ്റിയിൽ എൻ.സി.പി പ്രതിനിധികളല്ലാത്തതിനാൽ യോഗത്തിൽ പങ്കെടുത്തതിന് സസ്പെൻഡ് ചെയ്തുവെന്നാണ് എൻ.സി.പി ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ അറിയിച്ചത്. അതേസമയം പാലാ ഉപതിരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യുന്നതിനാൽ പങ്കെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ആവശ്യപ്പെട്ടതിനാൽ പങ്കെടുത്തുവെന്നാണ് ബേബിയുടെ വിശദീകരണം. നിലവിൽ എൻ.സി.പി ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റിയ ബേബിയെ സസ്പെൻഡ് ചെയ്യാൻ പുതിയ പ്രസിഡന്റിന് അവകാശമുണ്ടോയെന്നും ഒരു വിഭാഗം ചോദിക്കുന്നു. ബേബിയും ആനന്ദക്കുട്ടനും ഉഴവൂർ വിജയൻ വിഭാഗക്കാരായാണ് അറിയപ്പെടുന്നത്.
എൻ.സി.പിയെ പ്രതിനിധീകരിച്ച് ടി.പി.പീതാംബരൻ മാസ്റ്റർ,കാണക്കാരി അരവിന്ദാക്ഷൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ഷാജി എം.ഫിലിപ്പ് , മാണി സി.കാപ്പൻ എന്നിവർക്കു പുറമേയാണ് ബേബിയും ആനന്ദക്കുട്ടനും പങ്കെടുത്തത്.
വെള്ളൂർ സഹകരണസംഘത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വൈക്കം കോടതിയിലെ കേസിന്റെ പേരിലാണ് സംഘം ഡയറക്ടർ ബോർഡംഗമായ ബേബിയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റിയത്. ഈ കേസിൽ കോടതി ഇതുവരെ നടപടി സ്വീകരിക്കാത്തതിനാൽ സ്വകാര്യ അന്യായത്തിന്റെ പേരിൽ സ്ഥാനത്തു നിന്ന് മാറ്റിയത് ഭരണഘടനാപ്രകാരമല്ലെന്നാണ് ബേബിയുടെ വിശദീകരണം.
പാലായിൽ എൻ.സി.പിക്ക് കാര്യമായ വേരോട്ടമില്ലെങ്കിലും നേതാക്കൾക്കിടയിലെ അഭിപ്രായഭിന്നത ഉപതിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിൽ സി.പി.എം മുൻ കൈയെടുത്ത് തിരഞ്ഞെടുപ്പ് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സി.പി.എം ബൂത്ത് സെക്രട്ടറിമാർക്കുള്ള ശിൽപ്പശാല ഉദ്ഘാടനത്തിന് തിങ്കളാഴ്ച പാലായിൽ എത്തുന്നുണ്ട്. കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ, മന്ത്രി എം.എം.മണി എന്നിവർക്കാണ് മണ്ഡലത്തിന്റെ ചുമതല സി.പി.എം നൽകിയിട്ടുള്ളത്.
എൻ.സി.പി ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും മാണി സി കാപ്പനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടുണ്ട്. സി.പി.എം പാലാ സീറ്റ് ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇടതുമുന്നണി സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. മറ്റൊരു പേര് ഉയർന്നു വന്നാൽ അത് അംഗീകരിക്കും.
കാണക്കാരി അരവിന്ദാക്ഷൻ,
എൻ.സി.പി ജില്ലാ പ്രസിഡന്റ്