കോട്ടയം: കാലവർഷം ചതിച്ചതോടെ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും പാടശേഖരങ്ങളിൽ രണ്ടാം കൃഷിയുടെ വിത പൂർത്തിയാക്കാനാകാതെ കർഷകർ. വിത ഇനിയും നീണ്ടുപോയാൽ വരാനിരിക്കുന്ന പുഞ്ചകൃഷിയെ സാരമായി ബാധിക്കുമെന്ന് കർഷകർക്ക് ആശങ്കയുണ്ട്.

മഴയുടെ അഭാവം കാരണം ഓരുവെള്ളം പല പാടശേഖരങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴുകി പോയിട്ടില്ല. ഇതാണ് വിത വൈകാൻ പ്രധാന കാരണം. കാലവർഷം ഫലപ്രദമായി ലഭിച്ചാൽ മാത്രമേ ഓരുവെള്ളം പൂർണ്ണമായി ഒഴിഞ്ഞ് പോകുകയും രണ്ടാം കൃഷി എളുപ്പത്തിൽ ആരംഭിക്കാൻ കഴിയൂ. കാലവർഷത്തെ തുടർന്ന് കുട്ടനാട്ടിലേയ്ക്ക് കിഴക്കൻ വെള്ളം ശക്തിയായി വരുമ്പോഴാണ് ഓരു വെള്ളം പാടശേഖരങ്ങളിൽ നിന്ന് മാറി മണ്ണിന്റെ അമ്ലസ്വഭാവം കുറയുന്നത് .

ജൂലായ് ആദ്യവാരം കുട്ടനാട്ടിൽ വിത പൂർത്തിയാക്കുമെന്നാണ് കൃഷിവകുപ്പ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ തിരിച്ചടിയായതോടെ ഉദ്യോഗസ്ഥരുടെ കണക്ക് കൂട്ടലും തെറ്റിയ അവസ്ഥയാണ്. പുഞ്ചക്കൃഷിക്ക് ലഭിച്ച റെക്കാർഡ് വിളവിന്റെ ആത്മവിശ്വാസത്തിലാണ് കർഷകർ രണ്ടാംകൃഷിക്കായി പാടശേഖരങ്ങൾ ഒരുക്കിയത്. 5930 ഹെക്ടറിലാണ് കുട്ടനാട്ടിൽ ഇത്തവണ രണ്ടാംകൃഷി നടത്തുന്നത്.ചമ്പക്കുളം പരിധിയിൽ 5660 ഹെക്ടറും വെളിയനാട് പ്രദേശത്ത് 270 ഹെക്ടറുമാണ് രണ്ടാം കൃഷിയുള്ളത്. ഇതിൽ 70 ശതമാനം പാടശേഖരത്തിലെ വിത മാത്രമാണ് പൂർത്തിയായത്. ചമ്പക്കുളം, നെടുമുടി, കൈനകരി, പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ വടക്ക്, തെക്ക്, തകഴി, കരുവാറ്റ, പുറക്കാട്, ചെറുതന എന്നിവിടങ്ങളിലാണ് കുട്ടനാട്ടിൽ രണ്ടാം കൃഷിയുള്ളത്.

മണ്ണിന്റെ ഘടനമാറി

ഉപ്പ് വെള്ളം കയറിയതിന്റെ ഭാഗമായി മണ്ണിന്റെ ഘടന തന്നെ മാറിയ നിലയിലാണ്. പുഞ്ചകൃഷിക്ക് ശേഷം പൊടിയിൽ ഉഴവ് നടത്തിയതും ഉപ്പ് വെള്ളം കറിയതും മണ്ണിന്റെ ഘടനയിൽ വലിയ രീതിയിൽ വ്യത്യാസം വരുത്തി. മുള്ളൻ പായലിന്റെ പുറത്ത് വിതച്ചത് പോലും അമ്ലസ്വഭാവം കൂടിയത് കാരണം കരിഞ്ഞുണങ്ങി. ഇത്തവണ ഉമ വിത്താണ് കർഷകർക്ക് നൽകിയത്. ഇതിന്റെ മൂപ്പ് 120 ദിവസമാണ്. കൃഷിയിറക്കിയ ശേഷം കാലവർഷം കനത്താലും കർഷകർക്ക് വെല്ലുവിളിയാണ്. പ്രളയത്തിന് ശേഷം പല പാടശേഖരങ്ങളുടെയും പുറംബണ്ട് ഇനിയും ബലപ്പെടുത്തിയിട്ടില്ല എന്നതാണ് ഇതിന് കാരണം.