ചങ്ങനാശേരി: ഗൂഡല്ലൂരിന്റെ സമരനായകൻ പെരുന്ന മണക്കുന്നേൽ പുത്തൻപറമ്പിൽ റവ.ഡോ.മാത്യു പുത്തൻപറമ്പിൽ പൗരോഹിത്യ സുവർണ്ണജൂബിലിയുടെ നിറവിൽ. തമിഴ്‌നാട് സർക്കാരിന്റെ ഗൂഡല്ലൂർ കുടിയിറക്ക് പ്രശ്‌നത്തിൽ നേരിട്ട് ഇടപെട്ട മാത്യുഅച്ചൻ സുപ്രീം കോടതിയിലെ കേസുകൾ ഏറ്റെടുത്ത് അനുകൂലമായ വിധി നേടിയെടുക്കാൻ കഴിഞ്ഞതിലൂടെ ഗൂഡല്ലൂർ നിവാസികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടിയെടുക്കാൻ സാധിച്ചു. രണ്ടുവർഷത്തെ പരിശ്രമത്തിൽ ഗൂഡല്ലൂരിലെ ഒൻപത് പഞ്ചായത്തുകളിൽപ്പെട്ട പതിനായിരത്തോളം മലയാളി കുടിയേറ്റ കുടുംബങ്ങൾക്ക് അനുഗ്രഹമായി. പിന്നെ ഇന്നേവരെ അവിടെ കുടിയിറക്ക് ഭീഷണി ഉണ്ടായിട്ടില്ല.

വാർക്ക കെട്ടിടങ്ങൾ പണിയാൻ അനുവാദമില്ലായിരുന്ന ഗൂഡല്ലൂരിൽ ഫാ. മാത്യു പുതിയ ദൈവാലയം പണിതുയർത്തിയത് കമ്പിയും സിമന്റും ഉപയോഗിച്ചായിരുന്നു. തുടർന്ന് കയ്യൂന്നി പള്ളിക്ക് വൈദികമന്ദിരവും നിർമ്മിച്ചു. മാനന്തവാടി രൂപതയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് (സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ) വാർക്കകെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചതും മാത്യു അച്ചനായിരുന്നു. തുടർന്നാണ് രണ്ട് ഇടവകകളിലായി പുതിയ വീടുകൾ നിർമ്മിച്ചത്. എല്ലാം വാർക്കകെട്ടിടങ്ങൾ.
ഗുഡല്ലൂരിൽ നിന്ന് 1992-ൽ ബീഹാർ ആസ്ഥാനമായ ഭഗൽപൂർ സഭയുടെ വികാർ പ്രൊവിൻഷ്യാളായി സ്ഥലം മാറിപ്പോയ ഫാ.മാത്യു പുത്തൻപറമ്പിൽ 1996ൽ ഇന്ത്യയിലെ പ്രൊവിൻഷ്യാളായും പ്രവർത്തിച്ചു. 2001-ൽ ഫ്രാൻസിസ്‌കൻ സഭയുടെ ജനറൽ കൗൺസിലറായി റോമിൽ പോയി. 2007ൽ ഇന്ത്യയിൽ തിരിച്ചെത്തി പാലക്കാട് രൂപതയിൽ വടക്കൻഞ്ചേരിയിൽ ഫ്രാൻസിസ്‌കൻ ആശ്രമം സുപ്പീരിയറായും, അവിടെയുള്ള അസ്സീസ്സി സ്‌നേഹഭവന്റെ ഡയറക്ടർ, സഭയുടെ സ്‌കൂളുകളുടെ മാനേജർ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു. മണക്കുന്നേൽ കുടുംബയോഗം രക്ഷാധികാരിയാണ് മാത്യു അച്ചൻ.

പുത്തൻപറമ്പിൽ മാത്യു അച്ചന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം ഇടവക ദൈവാലയമായ ളായിക്കാട് സെന്റ് ജോസഫ്‌സ് പളളിയിൽ ഇന്നലെ ആഘോഷിച്ചു. ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എഫ്.തോമസ് എം.എൽ.എ, റവ.ഡോ. ജോസ് നിലവന്തറ, ഡോ.റൂബിൾരാജ്, ഫാ. ജോൺ മണക്കുന്നേൽ, ബാബു ചെറിയാൻ എന്നിവർ പങ്കെടുത്തു.

ചങ്ങനാശേരി കത്തീഡ്രൽപളളി, ളായിക്കാട് സെന്റ് ജോസഫ്‌സ് പളളി എന്നിവിടങ്ങളിൽ ട്രസ്റ്റിയായും, എകെസിസി വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന പരേതനായ പുത്തൻപറമ്പിൽ മാത്യു ചെറിയാന്റെ മകനാണ് ഫാ.മാത്യു. ളായിക്കാട് ഇടവകയിലെ മിഷൻലീഗ് പ്രവർത്തകനും സൺഡേസ്‌കൂൾ അദ്ധ്യാപകനുമായിരുന്ന പി.സി. മാത്യു കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഫ്രാൻസിസ്‌കൻ മൂന്നാം സഭയുടെ (റ്റി.ഒ.ആർ) ഭഗൽപ്പൂർ മിഷനിൽ ചേർന്ന് 1969 ഡിസംബർ 7നാണ് വൈദിക പട്ടം സ്വീകരിച്ചത്. രണ്ടു വർഷത്ത മിഷൻ പ്രവർത്തനത്തിന് ശേഷം ഉപരിപഠനത്തിനായി റോമിൽ പോയി. ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. തിരിച്ച് മിഷനിൽ തിരിച്ചെത്തി സെമിനാരി റെക്ടറും പ്രൊഫസറുമായി സേവനം ചെയ്തു. പിന്നീട് വിദ്യാഭ്യാസരംഗത്ത് സഭയുടെ വിവിധ സ്ഥലങ്ങളിൽ ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകളിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു.