കോട്ടയം: മാന്യരായ തടവുകാർക്ക് ജയിൽ ശിക്ഷയ്ക്ക് പകരം നല്ലനടപ്പിന് സർക്കാർ വഴിയൊരുക്കിയപ്പോൾ ജില്ലയിൽ പ്രയോജനം ലഭിച്ചത് 22 പേർക്ക്. അടുത്ത ഘട്ടത്തിലേയ്ക്ക് 45 പേരുടെ പട്ടിക തയ്യാറാക്കിരിക്കുകയാണ് പ്രൊബേഷണറി വിഭാഗം. ഏഴ് വർഷത്തിൽ താഴെ ജയിൽ ശിക്ഷകിട്ടാവുന്ന കുറ്റങ്ങളിൽ പിടിക്കപ്പെടുന്നവർക്കാണ് 'നേർവഴി' പദ്ധതിപ്രകാരം നല്ലനടപ്പിന് അവസരം.
രണ്ട് പതിറ്റാണ്ടായി നിർജീവമായിരുന്ന നല്ലനടപ്പ് നിയമം (പ്രൊബേഷൻ ഒഫ് ഒഫൻഡേഴ്‌സ് ആക്ട് 1958) പ്രോത്സാഹിപ്പിക്കുന്നതിനാണ് 'നേർവഴി' പദ്ധതി തുടങ്ങിയത്. ജയിലുകൾ നിറഞ്ഞതും പദ്ധതി ഊർജിതപ്പെടുത്താൻ കാരണമായി. നല്ല നടപ്പുകാർ, ജയിലിൽനിന്ന് പുറത്തിറങ്ങിയവർ, ആദ്യമായി കുറ്റകൃത്യങ്ങളിലേർപ്പെട്ട 18- 25നും ഇടയിൽ പ്രായമുള്ളവർ എന്നിവർക്ക് സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങാനുള്ള സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നത്.

ജയിലിൽ നിന്ന് ഇറങ്ങിയ 10 പേർക്ക് സ്വയംതൊഴിലിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

പദ്ധതി പ്രവർത്തനത്തിന് ജില്ലയിൽ എം.എസ്.ഡബ്ളിയു. യോഗ്യതയുള്ള നാല് സന്നദ്ധ പ്രവർത്തകരെയും നിയമിച്ചു.

 45 പേർകൂടി

രണ്ടാം ഘട്ടത്തിൽ പ്രൊബേഷണറി ഓഫീസർ തയ്യാറാക്കിയ 45 വിചാരണ തടവുകാരുടെ പട്ടിക ഡി.എൽ.എസ്.എയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. പട്ടിക പരിശോധിച്ച് കേസ് പരിഗണിക്കുന്ന കോടതികളുടെ അനുവാദത്തോടെയാണ് നല്ലനടപ്പിന് വിധിക്കുക.

'' ജയിലിലേയ്ക്ക് ആളുകളെ അയയ്ക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇവരുടെ വിദ്യാർത്ഥികളായ മക്കൾക്ക് ധനസഹായം അടക്കം കുടുംബത്തിനും വേണ്ട എല്ലാ പിന്തുണയും നൽകുന്നുണ്ട്''

ബിനോയ്, ജില്ലാ പ്രൊബേഷണറി ഓഫീസർ