കോട്ടയത്തിന് എഴുപതു വയസായത് ബന്ധപ്പെട്ടവർ ആഘോഷിച്ചില്ലെന്നാണ് ചുറ്റുവട്ടത്തിന്റെ പരാതി. കുട്ടികളുടെ പടംവരയിൽ എല്ലാം ഒതുക്കിയപ്പോൾ (തെറി പറയാൻ കഴിയാത്തതിനാൽ) ഓ എന്നാ പറയാനാ ...എന്നേ നാട്ടുകാർക്കു പ്രതികരണമുള്ളൂ.
എന്തിനും ഒരൊന്നൊര ആഘോഷമാണ് കോട്ടയത്തിന്റെ പ്രത്യേകത. കൊച്ചു ജനിച്ചാൽ ഇരുപത്തെട്ടോ മാമോദീസയോ ആദ്യ കുർബാനയോ മൈലാഞ്ചിയിടീലോ അടിയന്തിരമോ എന്താണെങ്കിലും അങ്ങ് ആഘോഷിക്കും. വഴി നീളെ പൊലീസുകാർ ഊത്തു മെഷിനുമായി നിൽക്കുമെന്നറിയാമെങ്കിലും രണ്ടെണ്ണം വീശി കുരിശുവരച്ച് വണ്ടിയോടിക്കുന്ന ഞങ്ങളെ മറ്റു ജില്ലക്കാർ കണ്ടു പഠിക്കണം.
ഇന്നത്തെ ന്യൂജെൻ കോട്ടയമല്ല .ചുങ്കക്കാരും വേശ്യകളും നിറഞ്ഞ പണ്ടത്തെ കോട്ടയാരുന്നു ഒരൊന്നര കോട്ടയം. പടിഞ്ഞാറേക്കര, പാലാമ്പടം,മാളിയേക്കൽ, തുടങ്ങിയ കുടുംബ പേരുകളിലായിരുന്നു സമ്പന്നന്മാർ അറിയപ്പെട്ടിരുന്നത്.
തിരുനക്കര ക്ഷേത്രം ചുറ്റിപ്പറ്റി എങ്ങോട്ടെക്കെയോ പോകുന്ന വല്യ ദിവ്യന്മാരുമുണ്ടായിരുന്നു. പല ഭാഷകളിൽ പാടിയിരുന്ന ചാറ്റർജി, കുന്തിരിക്കവും പുകച്ചു കടകൾ കയറിയിറങ്ങി സുഗന്ധം പരത്തിയിരുന്ന സന്യാസി, നിശബ്ദത സംഗീതമാക്കിയ അരവിന്ദൻ . കോട്ടയത്തെത്ര മത്തായിമാരുണ്ടെന്നു ചോദിച്ച ജോൺ എബ്രഹാം . സ്ഥിരം ആർട്ട് ഗ്യാലറി വന്നാൽ തിരുനക്കരയപ്പനെ വഴിയിലെ ആലിൻചുവട്ടിൽ നിന്ന് തൊഴാൻ പറ്റില്ലെന്ന് പ്രസ്താവനയിറക്കിയ ജോൺ എബ്രഹാം കാരണമായിരുന്നു ഗോപുരം മറച്ചുള്ള സ്ഥിരം ആർട്ട് ഗാലറി നിർമാണം ഹൈക്കോടതി തടഞ്ഞത്. ഇതൊക്കെ ഇന്നാര് ഓർക്കാൻ !
തിരുനക്കര ,രാജ്മഹൽ തീയറ്റർ ,വയസ്ക്കര കേന്ദ്രീകരിച്ചായിരുന്നു തെരുവുവേശ്യകൾ കണ്ണിറുക്കി നിന്നത്.മോട്ടർ. സ്റ്റാർട്ടർ, താത്ത തുടങ്ങിയ പേരുകളായിരുന്നു തെരുവ് വേശ്യകൾക്ക് . മദ്ധ്യ കേരളം നിറഞ്ഞു നിന്ന ചുങ്കം കുഞ്ഞമ്മയിൽ തുടങ്ങി വലിയ വേശ്യകളുടെ പരമ്പര. 'ഇന്ന് ബന്ദുകാരണം ഭാര്യയ്ക്കൊപ്പം കിടക്കേണ്ടി വന്നതിനാൽ പണം മിച്ചം ' എന്ന് ഡയറി കുറിപ്പെഴുതിയ പല അച്ചായന്മാരുടെയും എല്ലാം ഊറ്റി കുടുംബം കുളംതോണ്ടിച്ചിരുന്നു .ക്വട്ടേഷനും കൈയ്യൂക്കും മുഖമുദ്ര യാക്കി 'ചന്തക്കടവ് 'എന്ന് കേട്ടാൽ നാട്ടുകാർ വിറച്ചിരുന്ന കാലം. തങ്ങളുടെ ഷാപ്പ് മറ്റൊരാൾ തുക കൂട്ടി ലേലം വിളിച്ചാൽ കളക്ടർ ലേലഹാളിലുണ്ടെന്ന് നോക്കാതെ കരണത്തടിക്കാൻ ധൈര്യം കാട്ടിയവരായിരുന്നു അവർ. പിന്നെ സാദാ ഗുണ്ടാ പിരിവുകാരായ അന്തർവാൻ, പാണാവള്ളി ... വെള്ളം മൂത്ത് കത്തിയുമായി ചന്തക്കടവിലെ ട്രാൻസ്ഫോർമറിന് മുകളിൽ കയറി നാട്ടുകാരെ വെല്ലുവിളിക്കുന്നതിനിടയിലായിരുന്നു കത്തി വൈദ്യുതി കമ്പിയിൽ തട്ടി പാണാവള്ളി കരിഞ്ഞത് .
താഴത്തങ്ങാടി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ നടി ഉണ്ണിമേരി വരുമെന്ന നോട്ടിസിറക്കി ആളു കൂടിയപ്പോൾ പകരം ഉണ്ണിമേസ്തിരിയെ കൊണ്ടു വന്ന് മുങ്ങിയ ബിഷപ്പ് എറിക് മുറിക്കെന്ന് സ്വയം പേരിട്ട ഈമ്പിലെ കുഞ്ഞ്. ഡോക്ടർ വിശ്വനാഥൻ തിരുനക്കര തേവർക്ക് നടയ്ക്കുവെച്ച ആനയുടെ കഴുത്തിൽ ഗോപാലകൃഷ്ണപണിക്കർ വഹ എന്ന മണി കെട്ടിയ മഹാൻ . മോഷണത്തെ ന്യായീകരിക്കാൻ 'പള്ളിക്കെന്തിന് പൊൻകുരിശെന്നു പറഞ്ഞ മോഷ്ടാവിനെക്കുറിച്ചെഴുതിയ ബഷീർ . മിന്നലേൽക്കാതിരിക്കാൻ പള്ളി കുരിശിന് മുകളിൽ വെച്ച കാന്തം കണ്ട് 'ലോകത്തെ രക്ഷിക്കുന്നത് കർത്താവ്. കർത്താവിനെ രക്ഷിക്കുന്നത് കാന്തം' എന്നു പറഞ്ഞ ഭ്രാന്തൻ.
കോട്ടയംകാർ എന്തു പറഞ്ഞാലും അതിൽ ഒരു ചോദ്യമുണ്ടാകുമെന്നു പറഞ്ഞ സുകുമാറിനോട് 'നിങ്ങളോടിതാരു പറഞ്ഞുവെന്ന് 'ചോദിച്ച വേളൂർ കൃഷ്ണൻകുട്ടി. കഥകൾ നീളുമ്പോൾ പണ്ടത്തെ കോട്ടയാരുന്നു കോട്ടയമെന്നു രണ്ടെണ്ണം വിശാതെ എങ്ങനെ പറയാതിരിക്കും !...