പാലാ : 59ാം വിഗ്രഹദർശന വാർഷിക ദിനം മുതൽ കടപ്പാട്ടൂരപ്പൻ തങ്ക മുഖാവരണമണിയും. നാളെ നടക്കുന്ന വിഗ്രഹ ദർശന ദിനാഘോഷത്തിനു മന്നോടിയായി സ്വർണ്ണം തേച്ചു പതിപ്പിച്ച മുഖഗോളകയും അഭയ വരദ മുദ്രയുള്ള തൃക്കൈകളും നാളെ രാവിലെ ആഘോഷപൂർവം ക്ഷേത്രത്തിലെത്തിക്കും. വെള്ളി ഗോളകകളാണ് നിലവിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്നത്.

അമേരിക്കയിൽ ഐ.ടി. മേഖലയിൽ ഉന്നത ഉദ്യോഗസ്ഥനായ, കടപ്പാട്ടൂരപ്പന്റെ ഭക്തൻ കുളത്തുങ്കൽ (രാജു ഭവൻ) പ്രവീൺ രാജുവാണ് ഗോളകകൾ സമർപ്പിക്കുന്നത്. രണ്ടര കിലോയോളം ഭാരം വരുന്ന ഗോളകകളിൽ സ്വർണം പൂശാൻ 3 ലക്ഷം രൂപ ചെലവായി.

നാളെ രാവിലെ 9 ന് ദേവസ്വം ഭാരവാഹികളായ സി.പി. ചന്ദ്രൻ നായർ, വി.ഗോപിനാഥൻ നായർ , കയ്യൂർ സരേന്ദ്രൻ എന്നിവർ ചേർന്ന് തങ്കഗോളകകൾ ഏറ്റുവാങ്ങും. തുടർന്ന് തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട്, മേൽശാന്തി പത്മനാഭൻ പോറ്റി എന്നിവർ ചേർന്ന് തീർത്ഥം തളിച്ച് ശുദ്ധി വരുത്തി ഗോളകകൾ ശ്രീകോവിലിലേക്ക് കൊണ്ടു പോകും. വിഗ്രഹം കണ്ട സമയമായ 2.30 ന് നടക്കുന്ന വിശേഷാൽ ദീപാരാധനയ്ക്കായി തങ്ക മുഖാവരണമണിയിച്ചാണ് ഭഗവാനെ ഒരുക്കുക. വിശേഷാൽ ദീപാരാധനയ്ക്ക് ശേഷം പുതിയ തങ്ക മുഖത്ത് ചാർത്തിയ ഭസ്മവും പ്രസാദവും തങ്കാവരണങ്ങൾ നടയ്ക്കു സമർപ്പിച്ച പ്രവീൺ രാജുവിന് തന്ത്രി നൽകും. എല്ലാ വിശേഷ ദിവസങ്ങളിലും തങ്കമുഖം അണിയിക്കും.