വൈക്കം: അരുത് അവഗണിക്കരുത്. വൈക്കം വീരനാണ്..തന്തൈ പെരിയാറിനെ തമിഴകത്തിന് വേണ്ടെങ്കിൽ തങ്ങൾക്ക് വിട്ടുതരണം- വൈക്കം വലിയകവലയിൽ കാടുപിടിച്ചു കിടക്കുന്ന തന്തൈ പെരിയാർ സ്മാരകത്തിന്റെ അവസ്ഥ കണ്ട് ഉള്ളു നാെന്തിട്ടാണ് വൈക്കം നഗരസഭ ഈയൊരു ആവശ്യം തമിഴ്‌നാട് സർക്കാരിന് മുന്നിൽ വയ്ക്കുന്നത്.
തമിഴ് നാട്ടിലെ ദ്റാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെ പിതാവായി അറിയപ്പെടുന്ന ഈറോഡ് വെങ്കിടപ്പ രാമസ്വാമി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണി പോരാളിയായതോടെയാണ് വൈക്കം വീരൻ എന്ന പേരു വീണത്. ബ്രാഹ്മണ മേധാവിത്വത്തിനെതിരായും അവർണരുടെ സാമൂഹ്യനീതിക്ക് വേണ്ടിയും ഉള്ള പോരാട്ടങ്ങൾക്കായി ജീവിതം സമർപ്പിച്ച ഇ. വി. രാമസ്വാമി തമിഴ് മക്കളുടെ തന്തൈ പെരിയാറായി. ഡി.എം.കെയുടെ ആദ്യ രൂപമായ ദ്റാവിഡർ കഴകം രൂപീകരിച്ച് തമിഴ് മണ്ണിൽ ദ്റാവിഡ രാഷ്ട്രീയത്തിന് തുടക്കമിട്ടത് പെരിയാറായിരുന്നു.
വൈക്കം സത്യഗ്രഹത്തിൽ പെരിയാർ വഹിച്ച നേതൃപരമായ പങ്ക് വരും തലമുറകൾക്ക് പകർന്നു നൽകുന്നതിനായാണ് തമിഴ്‌നാട് സർക്കാർ ഇവിടെ തന്തൈ പെരിയാർ സ്മാരകം സ്ഥാപിക്കുന്നത്. പി. എസ്. ശ്രീനിവാസൻ കേരളത്തിലും നാവലർ വി.ആർ. നെടുഞ്ചെഴിയൻ തമിഴകത്തും റവന്യൂ മന്ത്റിമാരായിരുന്നപ്പോൾ വലിയകവലയിലെ അര ഏക്കറിലധികം വരുന്ന ഭൂമി തമിഴ്‌നാട് സർക്കാരിന് കൈമാറി. പെരിയാറിന്റെ സ്മാരകമായി വിപുലമായ സംവിധാനങ്ങളോടു കൂടിയ പാർക്ക്, മ്യൂസിയം, ലൈബ്രറി തുടങ്ങിയവ സ്ഥാപിക്കുന്നതിനായിരുന്നു പരിപാടി. പക്ഷേ പെരിയാറിന്റെ പ്രതിമയും ഒരു ചെറിയ ഓപ്പൺ സ്റ്റേജും കുട്ടികൾക്കായി ഏതാനും കളിയുപകരണങ്ങളും ലൈബ്രറി എന്ന് പറയാവുന്ന ഒന്നുമാണ് ഇവിടെ സ്ഥാപിക്കപ്പെട്ടത്. 1994 ജനുവരി 31ന് പാർക്ക് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. പരിമിതികൾ മൂലമാവാം വൈക്കത്തിന്റെ ജനജീവിതത്തിൽ കാര്യമായ സ്വാധീനമൊന്നും ചെലുത്താൻ ഈ സ്മാരകത്തിനായില്ല. നിലവിൽ പാർക്ക് കാടുപിടിച്ചു കിടക്കുകയാണ്. ചരിത്ര പശ്ചാത്തലം കണക്കിലെടുത്ത് പാർക്ക് സംരക്ഷിക്കപ്പെടുകയും നഗരജീവിതത്തിന്റെ ഭാഗമാകുകയും വേണമെന്ന തിരിച്ചറിവിലാണ് വൈക്കം നഗരസഭ. പെരിയാർ സ്മാരകം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി അത് നഗരസഭയ്ക്ക് വിട്ടുനൽകണമെന്ന് തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നഗരസഭ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
വരവേൽക്കാൻ മഹാരഥന്മാർ
പല ദിക്കുകളിൽ നിന്ന് വൈക്കത്ത് വന്നു ചേരുന്ന ആരെയും വരവേൽക്കുക സത്യഗ്രഹ സമര നായകരുടെ പ്രതിമകളാണ്. തന്തൈ പെരിയാറിന്റെ പ്രതിമയ്ക്ക് സമീപം കവലയുടെ ഒത്ത നടുവിൽ ദേശാഭിമാനി ടി.കെ.മാധവൻ. എസ്.എൻ.ഡി.പി യോഗമാണ് ടി.കെ. മാധവന്റെ പ്രതിമ സ്ഥാപിച്ചത്. തൊട്ടപ്പുറത്തായി വൈക്കം സത്യഗ്രഹത്തിന് കരുത്ത് പകരാൻ സവർണ ജാഥ നയിച്ച ആചാര്യൻ മന്നത്ത് പദ്മനാഭന്റെ പ്രതിമ എൻ.എസ്. എസ് യൂണിയനും സ്ഥാപിച്ചു. ഇവർക്കൊപ്പം പുരട്ചി തലൈവർ എം.ജി.ആറും ഭാര്യ ജാനകിയുമുണ്ട്. വൈക്കം സ്വദേശിനിയായ ജാനകിയുടെ വലിയകവലയിലുള്ള ജന്മഗൃഹത്തിന് മുന്നിലാണ് എം.ജി.ആർ, ജാനകി പ്രതിമകൾ .
പെരിയാറിനെ പോലുള്ള മഹാരഥന്മാരുടെ ജീവിതം വരുന്ന തലമുറകൾക്കും മാതൃകയാകണം. പെരിയാർ ഇ. വി. രാമസ്വാമിയുടെ സ്മാരകം സത്യഗ്രഹ ഭൂമിയിൽ അനാഥമായി കിടക്കുന്നത് നീതീകരിക്കാനാവില്ല. ഇത് തിരിച്ചറിഞ്ഞാണ് പെരിയാർ സ്മാരകത്തിന്റെ പരിപാലനം ഏറ്റെടുക്കാൻ സാമ്പത്തിക പരിമിതികളുണ്ടായിട്ടും നഗരസഭ തയ്യാറാകുന്നത്. തമിഴ്‌നാട് സർക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കും. ഇതിനായി സംസ്ഥാന സർക്കാരിന്റെ സഹായം തേടും.
പി.ശശിധരൻ
(നഗരസഭ ചെയർമാൻ)