പാലാ : ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന പാലാ 'ഹജൂർ കച്ചേരി ' മന്ദിരം പൊളിച്ചു നീക്കുന്നു. തിരുവിതാംകൂർ രാജവംശത്തിന്റെ കരം പിരിവിന്റേയും നിയമപാലന നടത്തിപ്പിന്റെയും കാര്യാലയമായിരുന്ന ഈ പഴയ മന്ദിരം പിന്നീട് കേരളം രൂപം പ്രാപിച്ചപ്പോൾ 'രജിസ്റ്റർ കച്ചേരി 'യും പിന്നീട് രജിസ്ട്രാർ ഓഫീസുമായി മാറി. കേരളത്തിലെ ഏറ്റവും പഴക്കമുള്ള മന്ദിരത്തിൽ പ്രവർത്തിക്കുന്ന ആദ്യകാല രജിസ്ട്രാർ ഓഫീസ് എന്ന ബഹുമതിയും പാലാ രജിസ്ട്രാർ ഓഫീസിനായിരുന്നു. കാലപ്പഴക്കം കൊണ്ട് ഈ മന്ദിരം ശോച്യാവസ്ഥയിലായതോടെ അടുത്തിടെ ഇതിനടുത്ത് പുതിയ ബഹുനില ഓഫീസ് നിർമ്മിച്ച് രജിസ്ട്രാർ ഓഫിസ് പ്രവർത്തനം ഇവിടേക്ക് മാറ്റിയിരുന്നു. എന്നിട്ടും പഴയ മന്ദിരം പൊളിച്ചു നീക്കിയിരുന്നില്ല.
ഇതോടെ രാപ്പകൽ ഭേദമില്ലാതെ ഇവിടം യാചകരുടേയും സാമൂഹ്യവിരുദ്ധരുടേയും കേന്ദ്രമായി മാറി.
പൊളിച്ച് നീക്കാൻ കാരണം
മറ്റ് ഓഫീസുകൾ ഒന്നും ഇവിടെ പ്രവർത്തിക്കുന്നില്ലാത്തതിനാൽ പകൽ നേരങ്ങളിലും ഇവിടം ആർക്കും യഥേഷ്ടം വിശ്രമിക്കാൻ സൗകര്യമുണ്ടായിരുന്നു. ഇരുമ്പ് ഗേറ്റ് നശിച്ചതോടെ രാത്രികാലങ്ങളിൽ പഴയ കെട്ടിടത്തിലേക്ക് സാമൂഹ്യവിരുദ്ധരുടെ കടന്നു വരവ് വ്യാപകമായി. കഞ്ചാവ് വില്പനയും മറ്റ് അനശാസ്യ പ്രവർത്തനങ്ങളുമുണ്ടായിരുന്നു. ഇതോടെയാണ് പഴയ കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചത്.
തടി ഉരുപ്പടികൾക്ക് കേടുപാടില്ല
മേൽക്കൂരയിലെ ഓടുകളെല്ലാം ഇറക്കി. 150ൽപ്പരം വർഷത്തെ പഴക്കമുണ്ടെങ്കിലും മിക്ക തടി ഉരുപ്പടികളും ഒന്നാന്തരമായി നില നിൽക്കുകയാണെന്ന് പൊളിക്കൽ വേലയിൽ ഏർപ്പെട്ട തൊഴിലാളികൾ പറയുന്നു. ഭിത്തിയുടെ ചില ഭാഗങ്ങൾ വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ബാക്കി ഭാഗങ്ങൾക്ക് ഇപ്പോഴും നല്ല ഉറപ്പാണ്. കതകുകളും, ജനാലകളും തേക്ക് കൊണ്ടു നിർമ്മിച്ചതാണ്. പൂർണ്ണമായും കെട്ടിടം പൊളിച്ചു നീക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടിവരും.
150 വർഷം പഴക്കം