കുറവിലങ്ങാട് : സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി എം.പിമാരായ ജോസ്.കെ.മാണി, തോമസ് ചാഴികാടൻ, അഡ്വ.മോൻസ് ജോസഫ് എം.എൽ.എ എന്നിവർ സ്ഥലം സന്ദർശിച്ചു. ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒരു വർഷത്തിനകം തുറന്ന് നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജനപ്രതിനിധികൾ പറഞ്ഞു. സയൻസ് ഗാലറിയുടെ നിർമ്മാണം 80 ശതമാനത്തിലേറെ പൂർത്തിയായിട്ടുണ്ട്. സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, എെ.എസ്.ആർ.ഒ എന്നിവയുടെ നേതൃത്വത്തിലുള്ള സ്പേയ്സ് ഗാലറിയുടെ നിർമ്മാണം ഉടൻ പൂർത്തീകരിക്കും. ഗാലറിയുടെ മുകളിൽ പ്രത്യേക രീതിയിൽ മൈക്രോ കോൺക്രീറ്റിംഗ് ചെയ്യണം. ഇതിനായി ആഗോള തലത്തിൽ ടെൻഡർ വിളിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയിരുന്നു. നിലവിലുള്ള രീതിയിൽ മാറ്റം വരുത്താതെ ഗാലറി നിർമ്മാണം പൂർത്തിയാക്കും. സ്പെയസ് തിയേറ്ററിന്റെ നിർമ്മാണം പൂർത്തിയാകുന്നതിനുസരിച്ച് ആധുനിക ഉപകരണങ്ങൾ ഇവിടേക്ക് എത്തിക്കുമെന്നും ജനപ്രതിനിധികൾ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ ദിനംപ്രതി വിലയിരുത്താനും തീരുമാനമായി.
സബ് സ്റ്റേഷനുണ്ട്, വൈദ്യുതിയില്ല
സയൻസ് സിറ്റിയിൽ സബ് സ്റ്റേഷൻ സ്ഥാപിച്ചെങ്കിലും വൈദ്യുതി ലഭിച്ചിട്ടില്ല. താത്കാലിക കണക്ഷൻ ഉപയോഗിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങും. സയൻസ് സിറ്റിക്കുള്ളിൽക്കൂടിയുള്ള റോഡുകളുടെ നിർമ്മാണവും ആരംഭിച്ചു. നിലവിലുള്ള ലാൻഡ്സേക്പ്പിൽ മാറ്റം വരുത്താതെയാകും അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം.
പുതിയതായി ഉടൻ
ജലസംഭരണി
ഒബ്സെർവേറ്ററി
ഭക്ഷണശാല