അടിമാലി: പ്രളയത്തിൽ ഒഴുകിയെത്തിയ കല്ലും മണ്ണും നിറഞ്ഞ് കൃഷിക്ക് യോഗ്യമല്ലാതായിത്തീർന്ന ആനവിരട്ടി പാടശേഖരം സംരക്ഷിക്കാൻ പദ്ധതി. വെള്ളത്തൂവൽ പഞ്ചായത്തിലെ നെല്ലറയായി വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ പഞ്ചായത്തും ജലവിഭവ വകുപ്പും ചേർന്നാണ് നവീകരണ പദ്ധതികൾ നടത്തുക. ഇരുപത് ഏക്കറോളം വരുന്ന പാടശേഖരത്ത് .കാലങ്ങളായി നിരവധി കർഷകർ കൃഷിയിറക്കി നല്ല വിളവെടുപ്പും നേടിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ പാടത്തിന് സമീപത്തെ കൈത്തോടുകൾ കരകവിഞ്ഞ് പാടമൊന്നാകെ വെള്ളത്തിലാകുകയും കല്ലും മണ്ണും നിറഞ്ഞ് കൃഷിക്കനുയോജ്യമല്ലാതായി ത്തീരുകയുമായിരുന്നു. മൂന്ന് ലക്ഷത്തോളം ചിലവഴിച്ച് പാടം വീണ്ടും കൃഷിയോഗ്യമാക്കി തീർത്തെങ്കിലും സംരക്ഷണ ഭിത്തിയുടെ അഭാവത്താൽ കൈത്തോട്ടിൽ നിന്ന് ഇത്തവണയും മടവീഴ്ച്ച ഉണ്ടാകുമോയെന്ന ആശങ്ക കർഷകർ പങ്ക് വച്ചിരുന്നു.ഇതിന് പരിഹാരമായാണ് പഞ്ചായത്തും ജലവിഭവ വകുപ്പും ചേർന്ന് പാടശേഖര സംരക്ഷണത്തിനായി കൂടുതൽ പദ്ധതികളുമായി മുമ്പോട്ട് വന്നത്.കൈത്തോട്ടിൽ നിന്നും മട വീഴ്ച്ചയുണ്ടാകാതിരിക്കാൻ സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 22 ലക്ഷം രൂപ ജലവിഭവ വകുപ്പനുവദിച്ചതായി ഗ്രാമപഞ്ചായത്തംഗം ആനി പറഞ്ഞു.ഉടൻ തന്നെ നിർമ്മാണ ജോലികൾ സംബന്ധിച്ച ടെൻഡർ നടപടികൾ ആരംഭിക്കും. മടവീഴ്ച്ചയിൽ നിന്നും പാടം പൂർണ്ണമായി സംരക്ഷിക്കണമെങ്കിൽ കൂടുതൽ തുക അനുവദിക്കേണ്ടതായി വരും. ഇത് സംബന്ധിച്ച കാര്യങ്ങൾക്ക് പഞ്ചായത്ത് നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് അംഗം അറിയിച്ചു.