കോട്ടയം : തുടർഭരണത്തിന് അവസരമുണ്ടാകില്ലെന്ന് മുൻകൂട്ടി മനസിലാക്കിയുള്ള പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് നടത്തുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 8 പൈസ മാത്രം ഉത്പാദന ചെലവുള്ള വൈദ്യുതിക്ക് 3.80 രൂപ വാങ്ങുന്നത് ജനങ്ങളോട് എന്തുമാകാമെന്ന വിചാരമുള്ളതിനാലാണ്. ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കാരുണ്യ പദ്ധതി നിറുത്തലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പൽ ചെയർപേഴ്സൺ ഡോ.പി.ആർ. സോന, ഉപാദ്ധ്യക്ഷ ബിന്ദു സന്തോഷ് കുമാർ, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, ടി.സി. റോയി, മോഹൻ കെ.നായർ, അഡ്വ. ജി.ഗോപകുമാർ, നന്ദിയോട് ബഷീർ, എം.പി. സന്തോഷ് കുമാർ, സണ്ണി കാഞ്ഞിരം, ബോബൻ തോപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.