കോട്ടയം : പൂവൻതുരുത്ത് വ്യവസായ മേഖലയിലെ റബർ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ബോയ്‌ലർ കത്തി നശിച്ചു. 10 ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ 11.30 ഓടെ കട്ടിയാങ്കൽ റബർ ഇൻഡസ്‌ട്രീസിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിലെ ബോയ്‌ലറിൽ നിന്നു തീയും പുകയും ഉയരുന്നത് കണ്ട് ഉടമ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയത്തു നിന്ന് ഒരു യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഫാക്‌ടറിയിലെ ബോയ്‌ലറും, വയറിംഗും, മേൽക്കൂരയും കത്തി നശിച്ചു. ഇന്ന് ഇല‌ക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റിൽ നിന്നുള്ള സംഘം എത്തി പരിശോധന നടത്തും. ഈസ്റ്റ് പൊലീസ് കേസെടുത്തു.