ചക്കാമ്പുഴ : രാമപുരം റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസുകളെ തുരത്താൻ പ്രൈവറ്റ് ബസുകളുടെ സംഘടിത ശ്രമം. ചക്കാമ്പുഴ - കൊണ്ടാട് - രാമപുരം, ചക്കാമ്പുഴ - ഉഴവൂർ ബസ് താത്കാലികമായി അവസാനിപ്പിച്ചിരുന്നു. ഈ സർവീസുകൾ പുനരാരംഭിച്ചതോടെയാണ് സ്വകാര്യ ബസ് ലോബി ഇറങ്ങിയിരിക്കുന്നത്. രാവിലെ 7.18 നാണ് കൊണ്ടാട് ബസ് രാമപുരത്ത് എത്തുന്നത്. ഈ ബസിന് തൊട്ടുമുന്നിലായി 6.50 ന് കടന്നുപോകേണ്ട സ്വകാര്യബസ് അരമണിക്കൂർ വൈകി ഓടുകയാണ്. മറ്റ് സർവീസുകളെയും ഇത്തരത്തിൽ ഒതുക്കാനുള്ള ശ്രമം തുടരുകയാണ്. പതിനഞ്ചോളം സ്വകാര്യ ബസുകൾ ചക്കാമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും റൂട്ടും സമയവും തെറ്റിച്ചാണ് ഓടുന്നത്. യാത്രക്കാർ കുറവുള്ള സമയങ്ങളിൽ ട്രിപ്പുകൾ മുടക്കുന്നതും പതിവാണ്. ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും നാമമാത്രമായ സർവീസുകളാണുള്ളത്. പലപ്പോഴും യാത്രക്കാർ മണിക്കൂറുകൾ കാത്തു നിൽക്കുന്നത് പതിവാണ്.