ഉഴവൂർ: ഈ ലിഫ്റ്റ് ഇനി എന്നുയരും...? ഡോ.കെ.ആർ. നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രി (ഗവ.ആശുപത്രി, ഉഴവൂർ) യിൽ എത്തുന്ന രോഗികൾ അവശതയോടെ ചോദിക്കുന്നത് ഇതാണ്... ദിനംപ്രതി നിരവധി രോഗികളെത്തുന്ന ഈ ആശുപത്രിയിലെ ലിഫ്റ്റ് ഒരു വർഷത്തോളമായി പ്രവർത്തനരഹിതമാണ്. കുട്ടികളുടെ വാർഡ്, പനി വാർഡ് എന്നിവ പ്രവർത്തിക്കുന്നത് മൂന്നാം നിലയിലാണ്. അതുകൊണ്ട് തന്നെ അവശതയോടെ എത്തുന്ന രോഗികൾക്ക് ലിഫ്റ്റ് അനിവാര്യമായ സാഹചര്യത്തിലാണ് ഇവിടെ ഈ ദുർഗതി. സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തിയതോടെ ഉഴവൂർ, കുറിച്ചിത്താനം, മരങ്ങാട്ടുപിള്ളി , വെളിയന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകൾ ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്. നിരവധി ആളുകൾ എത്തുന്നുണ്ടെങ്കിലും ലിഫ്റ്റ് പ്രവർത്തിക്കാത്ത സാഹചര്യത്തിൽ മറ്റ് നിലകളിൽ സൗകര്യങ്ങൾ ഒന്നും ഒരുക്കിയിട്ടില്ലെന്നാണ് രോഗികളുടെ പരാതി. അതുകൊണ്ട് തന്നെ രോഗികളും അവരോടൊപ്പം എത്തുന്നവരും ഒന്നടങ്കം ബുദ്ധിമുട്ടുന്നുണ്ട്.
പ്രവർത്തനം ആരംഭിച്ചില്ല
ലേബർ റൂം , ഒാപ്പറേഷൻ തീയറ്റർ എന്നിവയിലേക്കുള്ള സൗകര്യങ്ങൾ എറെക്കുറെ പൂർത്തിയായിട്ടുണ്ടെങ്കിലും ചെറിയ സൗകര്യങ്ങളുടെ അഭാവം മൂലം പ്രവർത്തനം ആരംഭിച്ചിട്ടില്ല.