ഇടുക്കി: രാജ്കുമാറിന്റെ കസ്റ്റഡിമരണക്കേസിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്ധൻ ഇരുട്ടുമുറിയിൽ തപ്പുന്നതുപോലെയാണെന്ന് ജുഡീഷ്യൽ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് കേരളകൗമുദി ഫ്ലാഷിനോട് പറഞ്ഞു. വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തേണ്ടത് അത്യാവശ്യമാണ്. കമ്മിഷൻ ഒഫ് എൻക്വയറി ആക്ട് 5 എ പ്രകാരം ഇത് ആവശ്യപ്പെടാൻ ജുഡീഷ്യൽ കമ്മിഷന് അധികാരമുണ്ട്. നിലവിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ന്യുമോണിയയാണ് മരണകാരണമെന്ന് പറയുന്നു. എന്നാൽ ലംഗ്സ് ടിഷ്യു, വിസറ തുടങ്ങിയ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാർഗനിർദേശങ്ങളുടെ നഗ്നമായ ലംഘനമാണിത്. നിലവിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ല. റീ പോസ്റ്റുമോർട്ടം നടത്തിയാൽ നിർണായക വിവരങ്ങൾ ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്കുമാറിന്റെ ശരീരത്തിലെ മുറിവുകളുടെ പഴക്കം സംബന്ധിച്ച് പോലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശമില്ല. ഇത് കേസിലെ പ്രതികളെ രക്ഷിക്കാനാണെന്ന ആരോപണം ശക്തമാക്കിയിട്ടുണ്ട്. വിദഗ്ദ ഡോക്ടർമാരുടെ പാനലല്ല പോസ്റ്റുമോർട്ടം നടത്തിയതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് ഇന്ന് സന്ദർശിക്കും.