കോട്ടയം: പ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ മണ്ണിടിച്ചിൽ തടയാനുള്ള പണം അനുവദിച്ചു സർക്കാർ. മൂന്ന് കോടി ! അതും മഴ സീസണിൽ. പക്ഷേ,​ ഇക്കുറി മഴ പെയ്യാഞ്ഞതിനാൽ മലയോരവാസികൾ രക്ഷപ്പെട്ടു. മറിച്ചായിരുന്നെങ്കിൽ വീണ്ടും മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷിയായേനെ. വേനൽ അവധിക്കെങ്കിലും പൂർത്തിയാക്കേണ്ട പ്രവർത്തനത്തിന് മഴക്കാലത്ത് പണം അനുവദിച്ച സർക്കാരിനെ നമിക്കുകയാണ് മലയോരവാസികൾ.

ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പ്രളയ പുനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്ന് കോടിയുടെ പദ്ധതി. ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും കഴിഞ്ഞ തവണ ഏഴ് പേരാണ് മരിച്ചത്. നിരവധി വീടുകൾ തകർന്നു. കോടികളുടെ കൃഷി നശിച്ചു. ചെരിഞ്ഞ പ്രദേശങ്ങളിൽ ഇടിഞ്ഞ മണ്ണ് മഴവെള്ളത്തോടൊപ്പം കുത്തിയൊലിച്ചു പോയതിനാൽ ഉത്പാദനക്ഷമമായ മേൽമണ്ണും നഷ്ടപ്പെട്ടു. ഇതൊക്കെ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രളയജലം താങ്ങാനാകാതെ വശങ്ങൾ ഇടിഞ്ഞു വീണ തോടുകളും നീർച്ചാലുകളും കെട്ടി ബലപ്പെടുത്തും. ഇതിലൂടെ പാടശേഖരങ്ങളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. കരയിടിച്ചിൽ തടയാൻ ചാലുകളുടെ വശങ്ങളിൽ കല്ല്, കയർ ഭൂവസ്ത്രം എന്നിവ ഉപയോഗിച്ചുള്ള ഭിത്തികൾ നിർമ്മിക്കും. തോടുകളിൽ നീരൊഴുക്കിന്റെ വേഗത കുറയ്ക്കാൻ ജൈവ സംവിധാനങ്ങൾ ഒരുക്കുന്നതിലൂടെ തീരം ഇടിയുന്നതും ഒഴിവാക്കാനാകും. പദ്ധതി പ്രവർത്തനങ്ങളുടെ വിശദാംശങ്ങളടങ്ങുന്ന റിപ്പോർട്ട് 18 നകം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

 ഇവിടെ മണ്ണൊലിപ്പ് ഗുരുതരം

പൂഞ്ഞാർ പഞ്ചായത്തിലെ കൈപ്പള്ളി, പാതാമ്പുഴ, തലനാട് പഞ്ചായത്തിലെ ചോനമല, വെള്ളാനി, അട്ടിക്കളം, വെള്ളിക്കുളം.

പദ്ധതി ചെലവ് : 3 കോടി

പ്രവർത്തനം 7 ഇടങ്ങളിൽ

പദ്ധതി ഇങ്ങനെ

 മണ്ണിടിഞ്ഞ പ്രദേശങ്ങൾ കൃഷിക്ക് പാകമാക്കാൻ നിരപ്പുള്ള തട്ടുകളായി തിരിക്കും

 മിതമായ ചരിവുള്ളിടത്ത് മൺ കയ്യാലകളും ചരിവ് കൂടിയിടത്ത് കല്ല് കയ്യാലകളും നിർമ്മിക്കും

 കയ്യാലകൾ ബലപ്പെടുത്താൻ കാലിത്തീറ്റയാക്കാവുന്ന പുല്ലിനങ്ങൾ, രാമച്ചം എന്നിവ നടും

 ചരിവുകൾക്ക് കുറുകെ സസ്യങ്ങൾ നിരയായി നട്ട് ജൈവവേലികൾ നിർമ്മിക്കും

'' മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തിന്റെ വികസനത്തിനാണ് മുൻതൂക്കം. മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കും''

- വി.ടി. പത്മകുമാർ (ജില്ലാ ഓഫീസർ മണ്ണ് സംരക്ഷണ വകുപ്പ്)​