കോട്ടയം: സ്വയം അവസരമൊരുക്കിയിട്ട് തട്ടിപ്പിനെ പഴിച്ചിട്ട് എന്തു കാര്യം? തട്ടിപ്പുകളെക്കുറിച്ച് നിരന്തരം വായിച്ചിട്ടും അറിഞ്ഞിട്ടും കെണിയിൽ അകപ്പെടുന്നവരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല. പണത്തിനോടുള്ള ആർത്തിയും പെട്ടെന്ന് പണക്കാരനാകാനുള്ള അത്യാർത്തിയുമാണ് പലരെയും തട്ടിപ്പിൽതലവയ്ക്കാൻ പ്രേരിപ്പിക്കുന്നത്. തട്ടിപ്പുകാരുടെ കെണിയിൽ വീഴുന്നതിൽ അധികവും വീട്ടമ്മമാരും യുവാക്കളുമാണ്.

മണിചെയിൻ തട്ടിപ്പ് പുതിയതല്ലെങ്കിലും ഇപ്പോൾ അരങ്ങ് തകർക്കുന്നത് അതിന്റെ പുതിയ രൂപമാണ്. മണിചെയിൻ എന്ന കെണിയിൽ ഇതിനകം വീണത് നിരവധിപേരാണ്. ആഡംബര കാറ്, ബൈക്ക്, മൊബൈൽ ഫോൺ, വാച്ച്, ടൂർ പാക്കേജുകൾ... തുടങ്ങിയ ആകർഷകങ്ങളായ ഓഫറുകൾ കാണിച്ച് മണിചെയിൻ മാതൃകയിൽ നിരവധി കമ്പനികൾ നടത്തുന്ന തട്ടിപ്പുകളെ സംബന്ധിച്ച് പൊലീസിന് നിരവധി പരാതികൾ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. യുവാക്കൾ, പ്രത്യേകിച്ച് പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കരുവാക്കി ഇത്തരക്കാർ വൻ തുകകൾ പലരിൽ നിന്ന് തട്ടിച്ചെടുക്കുന്നതാണ് പുതിയ രീതി. ആദ്യ ഘട്ടത്തിൽ 50,000 മുതൽ നിശ്ചിത തുക നിക്ഷേപിക്കുകയും തുടർന്ന് കമ്മീഷനും വരുമാനവും കൂട്ടാൻ കൂടുതൽ ആളെ ചേർക്കുക എന്നതാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി. ഇവക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം തട്ടിപ്പികൾ കൂടിവരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള ചിന്തയാണ് ഇത്തരം ചതിക്കുഴികളിൽ യുവാക്കളെ വീഴ്ത്തുന്നത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ വരെ കരുവാക്കിയുള്ള മണിച്ചെയിൻ തട്ടിപ്പ് മുമ്പും റിപ്പോ‌ർട്ട് ചെയ്തിട്ടുണ്ട്. കബളിക്കപ്പെട്ടവർ മാനഹാനിയോർത്ത് പുറത്ത് പറയാൻ മടിക്കുന്നത് തട്ടിപ്പുകാർക്ക് ഗുണമാവുകയാണ്. വിദ്യാർത്ഥികളെ മുന്നിൽ നിറുത്തി ചരട് വലിക്കുന്നത് വമ്പൻമാരാണ്.

വീഴ്ത്താൻ വിദേശയാത്രയും

വിശ്വസനീയതയ്ക്ക് വേണ്ടി തട്ടിപ്പുകാർ ഇടപാടുകാർക്ക് വേണ്ടി മലേഷ്യൻ, സിംഗപ്പൂർ ട്രിപ്പും യോഗയും വാഗ്ദാനം ചെയ്യുന്നുണ്ട്. വർഷങ്ങളായി മണിചെയിൻ മാതൃകയിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ തട്ടിപ്പുകൾക്ക് ഇരയായവർ വ്യാപകമായി പരാതി നൽകിയതോടെ ഇവയെ നിയന്ത്രിക്കാനും രജിസ്‌ട്രേഷൻ ഏർപ്പെടുത്താനും സംസ്ഥാന സർക്കാർ കേരള സ്‌റ്റേറ്റ് മൾട്ടിലെവൽ മാർക്കറ്റിംഗ് ബിൽ കൊണ്ടുവന്നിരുന്നു. എന്നാൽ മലയാളികളെ എങ്ങനെവേണമെങ്കിലും തട്ടിപ്പിനിരയാക്കാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് നീണ്ട ഇടവേളയ്ക്ക്് ശേഷം മണിചെയിൻ തട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്.