പൊൻകുന്നം: നൂറുകണക്കിനു ബസ്സുകളും ആയിരക്കണക്കിനു യാത്രക്കാരും ദിനംപ്രതി വന്നുപോകുന്ന പൊൻകുന്നം പട്ടണത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഒരു വെയിറ്റിംഗ്‌ ഷെഡ്‌പോലുമില്ല.ഇതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളിൽ വെയിറ്റിംഗ് ഷെഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ ആവശ്യങ്ങൾക്കായി പല പ്രദേശങ്ങളിൽ നിന്നും നഗരത്തിലെത്തുന്നവർക്ക് ബസിൽ കയറണമെങ്കിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽതന്നെ എത്തണം.സ്‌കൂളുകൾ,സർക്കാർ ഓഫീസുകൾ,ആശുപത്രികൾ,ബാങ്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥിതിചെയ്യുന്നത്.ഇവിടെയൊക്കെ എത്തുന്നവർ ഏറെദൂരം നടന്നുവേണം ബസ് സ്റ്റാൻഡിലെത്താൻ.ബസ്സിന്റെ സമയത്ത് കൃത്യമായി എത്തിയില്ലെങ്കിൽ അടുത്ത വണ്ടിക്കുവേണ്ടി കാത്തിരിക്കണം.പ്രധാന റോഡുകളിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ ബസ് സ്‌റ്റോപ്പുകൾ അനുവദിക്കുകയും വെയിററിംഗ്‌ഷെഡ്ഡുകൾ സ്ഥാപിക്കുകയും വേണമെന്നാണ് ആവശ്യമുയരുന്നത്.ഇതുകൂടാതെ പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപം ഒന്നുകൂടി സ്ഥാപിക്കണമെന്നാണ് ആവശ്യം.കോട്ടയം വഴിക്ക് മാർക്കറ്റ് ജംഗ്ഷനിലും,പാലാ വഴിക്ക് ട്രാഫിക് ജംഗ്ഷനു സമീപവും,മണിമല വഴിക്ക് മുസ്ലീം പള്ളിക്കു സമീപവും ബസ് സ്റ്റോപ്പും വെയിറ്റിംഗ് ഷെഡ്ഡും അനുവദിക്കണമെന്നും ആവശ്യമുണ്ട്.