ആലപ്പുഴ : ശൗര്യത്തോടെ തെരുവ് നായ്ക്കൾ വിലസുമ്പോൾ വഴിനടക്കാൻ കഴിയാതെ ജനം ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ വർഷം ജില്ലയിൽ ആയിരത്തിലേറെ പേരാണ് തെരുവുനായയുടെ ആക്രമണത്തിനിരയായത്. ചേർത്തല താലൂക്കിലെ കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലും മാത്രമാണ് വന്ധ്യംകരണ കേന്ദ്രങ്ങളുള്ളത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള തെരുവ് നായ വന്ധ്യംകരണ പദ്ധതി ജില്ലാ കുടുംബശ്രീ മിഷനാണ് ഏറ്റെടുത്തിരിക്കുന്നത്. ദേശീയ പാതകളിലും ഇടറോഡുകളിലും നായ്ക്കളുടെ ശല്യം കാരണം നടന്നോ ഇരുചക്രവാഹനങ്ങളിലോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ചിറക്കടവം, പുള്ളിക്കണക്ക്,കൊറ്റുകുളങ്ങര,കന്നീശാകടവ് പാലത്തിന് സമീപം എന്നിവിടങ്ങളിലും ആലപ്പുഴ നഗരത്തിന്റെ പലഭാഗങ്ങളും തെരുവ് നായകളുടെ പിടിയിലാണ്. പുന്നപ്ര, അമ്പലപ്പുഴ, പൂങ്കാവ് എന്നിവിടങ്ങളിലും അരൂർ, എഴുപുന്ന, കോടംഎഴുപുന്ന പഞ്ചായത്ത് പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷനുകളിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലും നായകൾ യാത്രക്കാർക്ക് ഭീഷണിയാണ്. തെരുവുനായ വന്ധ്യംകരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ ഇതുവരെ മോണിട്ടറിംഗ് കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ല.
ഒരുനായ്ക്ക്
2100 രൂപ
ഈ വർഷം വന്ധ്യംകരണം നടത്തിയ നായ്ക്കളുടെ എണ്ണം 2058 ആണ്. കണിച്ചുകുളങ്ങരയിലും മാവേലിക്കരയിലുമാണ് എ.ബി.സി പദ്ധതി നടപ്പിലാക്കിയത്. രണ്ടിടത്തും രണ്ട് ഗ്രൂപ്പുകളാണ് ഇതിനായി രംഗത്തുള്ളത്. കുടുംബശ്രീ വനിതകളും പുരുഷൻമാരും ചേർന്നാണ് നായ്ക്കളെ പിടികൂടി വന്ധ്യംകരണ യൂണിറ്റിൽ എത്തിക്കുന്നത്. 95 നായ്ക്കളെ വന്ധ്യംകരിക്കുന്നതിന്റെ ചെലവിനുള്ള തുകയാണ് ഓരോ പദ്ധതിയിലും തദ്ദേശ ഭരണ സ്ഥാപനങ്ങൾ വകയിരുത്തുന്നത്. എന്നാൽ ഇതിൽ കൂടുതൽ നായകൾ പ്രദേശത്ത് കാണും. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരിച്ച് തിരികെ പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടണം. 2100 രൂപയാണ് ഒരു തെരുവുനായയുടെ വന്ധ്യംകരണത്തിന് കുടുംബശ്രീ അംഗങ്ങൾക്ക് പ്രതിഫലമായി നൽകുന്നത്.